'ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പം'; സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്യാനറിയാമെന്ന് നടി ഉഷ ഹസീന

കഴിഞ്ഞ ദിവസമാണ് സന്തോഷ് വര്‍ക്കിക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്
'ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പം'; സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്യാനറിയാമെന്ന് നടി ഉഷ ഹസീന
Published on


സന്തോഷ് വര്‍ക്കിയുടെ സിനിമാ നടിമാരെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെ കേസ് കൊടുക്കാനുള്ള കാരണം വ്യക്തമാക്കി നടി ഉഷ ഹസീന. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനറിയാമെന്നുമാണ് ഉഷ പറഞ്ഞത്.

ഉഷ ഹസീനയുടെ വാക്കുകള്‍ :


സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വേശ്യകളാണെന്നാണ് ഇയാള്‍ പറയുന്നത്. 40 വര്‍ഷമായി ഈ രംഗത്ത് ജോലി ചെയ്യുന്ന ആളാണ് ഞാന്‍. എനിക്ക് മുമ്പും ശേഷവും ആയിരക്കണക്കിന് സ്ത്രീകള്‍ ഇപ്പോഴും ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് പറയുന്ന ഇയാള്‍ക്ക് എന്ത് മറുപടിയാണ് നല്‍കുക. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല

ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാള്‍ മാനസികരോഗിയാണ് എന്നൊക്കെ. അപ്പോള്‍ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാല്‍, പിറ്റേദിവസം ഇയാള്‍ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാള്‍ പോസ്റ്റിട്ടിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. മാനസികപ്രശ്‌നമുണ്ടെങ്കില്‍ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാള്‍ നേരെയായാല്‍ പുറത്തുകൊണ്ടുവരൂ. അല്ലെങ്കില്‍ ഇയാള്‍ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.

ഭ്രാന്താണെന്ത് പറഞ്ഞ് ഇയാള്‍ക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കില്‍ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങള്‍ക്ക് അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്‌നമുണ്ടായാലും സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും.

കഴിഞ്ഞ ദിവസമാണ് സന്തോഷ് വര്‍ക്കിക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com