
മുഖ്യമന്ത്രിയുടെ ഗൺന്മാർക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതികരണവുമായി മർദനമേറ്റ എ.ഡി. തോമസ്. മർദന ദൃശ്യങ്ങൾ പൊലീസിൽ ഹാജരാക്കിയതാണെന്നും തുടക്കം മുതൽക്കേ അന്വേഷണ സംഘത്തിന് അലംഭാവമെന്നും എ.ഡി. തോമസ് പറയുന്നു. കോടതിയുടെ ഇടപെടൽ മൂലമാണ് കേസ് എടുക്കാൻ പോലും തയ്യാറായതെന്നും എ.ഡി. തോമസ് ആരോപിച്ചു
നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് എ.ഡി. തോമസ് അറിയിച്ചു. നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പറയുന്നു.
കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതിന് മതിയായ തെളിവ് ഇല്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ ഹാജരാക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് നിർദേശം നൽകിയിട്ടും ദൃശ്യങ്ങൾ ആരും നൽകിയില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം ഗൺമാൻമാരുടെ മർദനദൃശ്യങ്ങൾ കേരളത്തെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രവർത്തകർ ഏറെക്കാലം ചികിത്സയിൽ കഴിയേണ്ടി വന്നു. കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്. മർദനമേറ്റവർ തെളിവ് നൽകാൻ ശ്രമിച്ചെങ്കിലും ക്രൈംബ്രാഞ്ച് വാങ്ങിയില്ലെന്നും അഞ്ചാം സാക്ഷിയായ മാധ്യമപ്രവർത്തകൻ്റെ കയ്യിൽ നിന്ന് ദൃശ്യങ്ങൾ ചോദിച്ചില്ലെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് 'വലിയ അവാർഡ്' കിട്ടുമായിരിക്കും. പക്ഷെ പ്രതിപക്ഷം എക്കാലത്തും നോക്കിയിരിക്കില്ലെന്നും ഉദ്യോഗസ്ഥർക്ക് എല്ലാകാലത്തും പിണറായി വിജയൻ്റെ സംരക്ഷണം കിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.