അവധി വേണ്ട; അവധി അപേക്ഷ പിൻവലിച്ച് എഡിജിപി അജിത് കുമാർ

അവധി വേണ്ട; അവധി അപേക്ഷ പിൻവലിച്ച് എഡിജിപി അജിത് കുമാർ

എഡിജിപി എം.ആർ. അജിത് കുമാർ നേരത്തെ അവധിക്ക് പോയതിന് പിന്നാലെ രൂക്ഷവിമർശനവുമായി എംഎൽഎ പി.വി. അൻവർ രംഗത്തെത്തിയിരുന്നു
Published on

വിവാദത്തിനിടെ നൽകിയ അവധി അപേക്ഷ ADGP അജിത് കുമാർ പിൻവലിച്ചു. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു അവധി വേണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്. എന്നാൽ അവധി വേണ്ടെന്ന് അറിയിച്ചു കൊണ്ട് കത്ത് നൽകിയെന്നാണ് ലഭ്യമാകുന്ന വിവരം. അവധി കഴിഞ്ഞാൽ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എഡിജിപി എം.ആർ. അജിത് കുമാർ അവധിക്ക് പോയതിന് പിന്നാലെ രൂക്ഷവിമർശനവുമായി എംഎൽഎ പി.വി. അൻവർ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് മാമി തിരോധാനത്തിൽ എം.ആർ അജിത് കുമാറിനും പങ്കുണ്ടെന്ന് പറഞ്ഞ അൻവർ, എഡിജിപി ഒരു 'നൊട്ടോറിയസ് ക്രിമിന'ലാണെന്ന് ആവർത്തിച്ചു. തെളിവ് നശിപ്പിക്കാനാണ് അജിത്കുമാർ അവധിയിൽ പോയതെന്നും പി.വി. അൻവർ പറഞ്ഞു.

അതേസമയം, പി.വി. അൻവറിൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ തന്നെ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നാണ് ആവശ്യം. പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തിൽ പറയുന്നുണ്ട്.

ആരോപണവിധേയനായ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. അന്വേഷണ വിധേയമായി അദ്ദേഹത്തെ മാറ്റി നിർത്തണമെന്നാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെയും നിലപാട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല.

ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെയാണ് ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപിയെ മാറ്റാൻ സമ്മർദമേറിയത്. സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎമ്മിനുള്ളിൽ ആവശ്യം ശക്തമാവുകയാണ്. ആർഎസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം.

News Malayalam 24x7
newsmalayalam.com