
എഡിജിപി അജിത് കുമാറിൻ്റെയും, സുജിത് ദാസിൻ്റെയും ഫോൺ ചോർത്തൽ പ്രതീക്ഷിച്ചതിലും വലുതാണെന്ന് പി.വി. അൻവർ എംഎൽഎ. അജിത് കുമാർ ചുമതലയിൽ നിന്ന് മാറിയാൽ കൂടുതൽ തെളിവുകൾ തരാൻ ആളുണ്ട്. അജിത് കുമാർ മാറിയാൽ പോലും സർക്കാര്‍ ഇയാളെ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"രാഷ്ട്രീയ അട്ടിമറിക്ക് എഡിജിപിയും സംഘവും കൂട്ടുനിന്നു. അതിപ്രധാനമായ രാഷ്ട്രീയ കേസുകൾ അട്ടിമറിച്ചു. ആർഎസിഎസിനെ സഹായിക്കാനാണ് എഡിജിപി കേസുകൾ അട്ടിമറിക്കുന്നത്. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തിരുത്തി കേസ് അന്വേഷിക്കുന്നത് തന്നെ കുടുക്കാനാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വിജിലൻസ് നീരിക്ഷിക്കണം."
സുജിത് ദാസിൻ്റെ നേതൃത്വത്തിലുള്ള ഫോൺ ചോർത്തൽ സർക്കാർ ഗൗരവമായി കാണണം. കുഴൽ പണം പിടിച്ചത് കേസെടുക്കാതെ പണം മുഴുവൻ പൊലീസ് എടുക്കുന്നു. മൂന്ന് കൊല്ലം സുജിത് ദാസ് ജില്ലയിൽ കൊള്ളയടിക്കുകയായിരുന്നു. എവിടെയായിരുന്നു ഇൻ്റലിജൻസ്. മാവോയിസ്റ്റ് വിരുദ്ധ സേന വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി നൽകും "- പി.വി. അൻവർ ചോദിച്ചു.
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അല്ലാത്ത പക്ഷം രാജിവെക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.