എഡിഎമ്മിൻ്റെ മരണം; നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

അതേ സമയം എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ദിവ്യയെ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. പി പി ദിവ്യ നൽകിയ ജാമ്യഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കും.
എഡിഎമ്മിൻ്റെ മരണം; നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
Published on

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പമ്പിന് എൻഒസി നൽകുന്നതിൽ സ്വാഭാവിക നടപടിക്രമമാണ് നവീൻ ബാബു സ്വീകരിച്ചത്.

തെറ്റുപറ്റിയെന്ന എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ പരാമർശവും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ എന്തുദ്ദേശിച്ചാണ് നവീൻ ബാബു പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല.റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയായിരിക്കും തുടർനടപടി സ്വീകരിക്കുക.

അതേ സമയം എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ദിവ്യയെ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. പി പി ദിവ്യ നൽകിയ ജാമ്യഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കും.

രാവിലെ 10.55 ന് അതീവരഹസ്യമായാണ് പി പി ദിവ്യയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പൊലീസ് നൽകിയ രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി, ഇന്ന് വൈകീട്ട് 5 മണിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകുകയായിരുന്നു. കസ്റ്റഡിയിൽ എതിർപ്പില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ എഴുതി നൽകി. തുടർന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച ദിവ്യയുടെ ചോദ്യം ചെയ്യൽ 3 മണിയോടെ അവസാനിച്ചു.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി 3.30ഓടെ കോടതിയിൽ ഹാജരാക്കിയ ദിവ്യയെ വീണ്ടും പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി. അതിനിടെ ദിവ്യ നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച വാദം കേൾക്കാൻ മാറ്റി. ചൊവ്വാഴ്ച്ചക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി.

നവീൻ ബാബുവിന്റെ കുടുംബം ജാമ്യഹർജിയിൽ കക്ഷി ചേർന്നു.അതേ സമയം എഡിഎമ്മിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നീക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കണ്ണൂർ കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ ശ്രമം പ്രവർത്തകർ തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com