ഉച്ചയ്ക്ക് 3 മണിയോടെ വീട്ടുവളപ്പിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും
തുടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ നവീൻ ബാബുവിൻ്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കളക്ടറേറ്റിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ചടങ്ങുകൾ നടക്കുക.
പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെൻ്റർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് 10മണിയോടെ പത്തനംതിട്ട കളക്ടറേറ്റിൽ എത്തിക്കും. ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷമാകും മലയാലപ്പുഴയിലെ സ്വഭവനത്തിലേക്ക് കൊണ്ട് പോകുക. ഉച്ചയ്ക്ക് 3 മണിയോടെ വീട്ടുവളപ്പിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
നവീൻ്റെ കുടുംബത്തെ കണ്ട് അനുശോചനം രേഖപ്പെടുത്താൻ നിരവധി നേതാക്കന്മാരാണ് ഇന്നലെ മുതൽ വീട്ടിലേക്കെത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് തുടങ്ങിയ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
നവീൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നും പത്തനംതിട്ടയിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചേക്കും. നവീൻ്റെ സംസ്കാരം നടക്കുന്ന അതേ സമയം തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദിവ്യയ്ക്ക് മലയാലപ്പുഴ ജംഗ്ഷനിൽ പ്രതീകാത്മ ചിതയൊരുക്കും.