
ശബരിമല വിമാനത്താവളത്തിനുള്ള ഭരണാനുമതി ഈ മാസം നൽകും. സാമൂഹ്യ ആഘാത പഠനത്തിന്മേൽ വിദഗ്ധസമിതിയുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. ഭൂമി ഏറ്റെടുക്കലിനുള്ള പ്രീ നോട്ടിഫിക്കേഷനും ഭരണാനുമതിക്കൊപ്പം പുറത്തിറക്കും. ശബരിമല വിമാനത്താവള നിർമാണത്തിനായുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് വകുപ്പുതല പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഗതാഗതം, ധനം, റവന്യൂ, തദ്ദേശം,സാമൂഹ്യ ക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകൾ റിപ്പോർട്ട് വിലയിരുത്തും. ശേഷം പദ്ധതിക്കായുള്ള ഭരണാനുമതി ഈ മാസം തന്നെ നൽകാനാണ് തീരുമാനം. സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിട്ടുണ്ട്. സ്ഥലം അളന്നു തിട്ടപ്പെടുത്തി അടയാളപ്പെടുത്തുന്ന നടപടിയാണ് അതിന് ശേഷം ചെയ്യേണ്ടത്.
കഴിഞ്ഞ വർഷം സ്ഥലം അടയാളപ്പെടുത്തുന്ന നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ നിയമ കുരുക്കിൽപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടപടികൾ സർക്കാർ പൂർണമായും റദ്ദാക്കുകയായിരുന്നു. കഴിഞ്ഞവർഷത്തെ അടയാളപ്പെടുത്തലുകൾ ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കർ സ്വകാര്യ ഭൂമിയുമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിനായി 4.96 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു. പ്രധാനമന്ത്രി ഗതിശക്തിയിലും ശബരിമല വിമാനത്താവള പദ്ധതി ഉൾപ്പെട്ടിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം.