
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് എഡിജിപി റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പൂരം മുടക്കാൻ ശ്രമിച്ചെന്നാണ് എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. തൃശൂർ പൂരം വിഷയത്തിൽ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യം ഡിജിപി മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.
എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ തൃശൂർ പൂരം അലങ്കോലപ്പെടാൻ കാരണമായ സംഭവ വികാസങ്ങളിൽ അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകൻ്റെ പരിചയക്കുറവും, കർക്കശമായ പെരുമാറ്റവും മൂലമുള്ള വീഴ്ചയെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സംഭവ സമയത്ത് പൂരനഗരിയിലേക്ക് ആംബുലൻസിൽ അന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വന്നിറങ്ങിയത് സംബന്ധിച്ച് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും, അത് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല.
മാത്രമല്ല, അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ ആരോപണവിധേയൻ അല്ലായിരുന്നെങ്കിലും, റിപ്പോർട്ട് സമർപ്പിക്കപ്പെട്ട വേളയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന എഡിജിപി എം.ആർ. അജിത്കുമാർ തന്നെ നടത്തിയ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യം സിപിഐയും പ്രതിപക്ഷവും ഉയർത്തിയിരുന്നു.
അതേസമയം, തൃശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണെന്നും, ഇതിനായി രണ്ട് ദിവസം തൃശൂരിൽ തങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സ്പെഷ്യൽ ബ്രാഞ്ച് വെളിപ്പെടുത്തി. അജിത് കുമാർ താമസിച്ചത് തൃശൂരിലെ പൊലീസ് അക്കാദമിയിലാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും.
പൂര ദിവസവും തലേദിവസവുമാണ് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നത്. പൂരം കലങ്ങിയപ്പോൾ സ്ഥലത്തെത്തി. പുലർച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോൺ സ്വിച്ച് ചെയ്തുവെക്കുകയായിരുന്നു. തൃശൂരിലെ സാന്നിധ്യത്തെക്കുറിച്ച് അജിത് കുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മൂകാംബികയിലേക്ക് പോയ വഴിയാണ് തൃശൂരിൽ തങ്ങിയതെന്ന എഡിജിപിയുടെ വാദം തള്ളുകയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.