ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനായി യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും, പതിവ് അപ്‌ഡേറ്റുകൾക്കായി അവരുടെ വെബ്‌സൈറ്റുകൾ നിരീക്ഷിക്കണമെന്നും എഎഐ നിർദേശിച്ചു
ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. യാത്ര സർവീസുകൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കാൻ ഉത്തരവിട്ടത്. ഇന്ത്യയുടെ വടക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങളായിരുന്നു സംഘർഷത്തിന് പിന്നാലെ അടച്ചിട്ടത്.
സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 9 മുതൽ 15 വരെ വിമാനത്താവളങ്ങളിൽ നിയന്ത്രണം തുടരുമെന്നായിരുന്നു സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറല്‍ നേരത്തെ പറഞ്ഞത്. എന്നാൽ അതിർത്തിയിൽ സ്ഥിതി ശാന്തമായതോടെ വിമാനത്താവളങ്ങൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്സർ എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സാധാരണക്കാർക്ക് ഉപയോഗിക്കാനായി തുറന്നുകൊടുത്തതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇന്ന് പുറപ്പെടുവിപ്പിച്ച പ്രസ്താവനയിൽ അറിയിച്ചു.
ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനായി യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും, പതിവ് അപ്‌ഡേറ്റുകൾക്കായി അവരുടെ വെബ്‌സൈറ്റുകൾ നിരീക്ഷിക്കണമെന്നും എഎഐ നിർദേശിച്ചു.
ആദംപൂർ, അംബാല, അമൃത്‍സർ, അവന്തിപൂർ, ബഥിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിന്ദോൺ, ജമ്മു, ജയ്സാൽമർ, ജാമ്നഗർ, ജോധ്പൂർ, കന്ദ്‍ല, കാംഗ്ര (ഗഗൽ), കേഷോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസാർ), സർസാവ, ഷിംല, ശ്രീനഗർ, തോയ്സ്, ഉത്തർലേ എന്നീ വിമാനത്താവളങ്ങളായിരുന്നു ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ അടച്ചിട്ടത്.