ക്ലാസാണ്.. മാസ്സാണ്.. രഹാനെയുടെ ഈ അതിഗംഭീര തിരിച്ചുവരവ്!

അവസാന റൗണ്ടിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ അൺസോൾഡ് താരമായിരുന്ന അജിൻക്യ രഹാനെയെ ഒന്നര കോടി രൂപയ്ക്ക് ടീമിലെടുത്തത്
ക്ലാസാണ്.. മാസ്സാണ്.. രഹാനെയുടെ ഈ അതിഗംഭീര തിരിച്ചുവരവ്!
Published on


ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ താൽക്കാലിക ക്യാപ്ടൻ വരെയായിരുന്ന താരമാണ് അജിൻക്യ രഹാനെ. ക്ലാസിക് ബാറ്ററാണെങ്കിലും.. പല്ലു കൊഴിഞ്ഞ സിംഹമെന്ന് വിധിയെഴുതി പലരും രഹാനെയെ അവഗണിച്ചു.. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ വലങ്കയ്യൻ താരത്തെ ആദ്യ റൗണ്ടിൽ വാങ്ങാനാളില്ലാതെ പോയിരുന്നു. അവസാന റൗണ്ടിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ അൺസോൾഡ് താരമായിരുന്ന അജിൻക്യ രഹാനെയെ ഒന്നര കോടി രൂപയ്ക്ക് ടീമിലെടുത്തത്.

ഡിയർ ഷാരൂഖ് ഖാൻ നിങ്ങൾക്കാണ് ലോട്ടറിയടിച്ചത്.. ചെറുതൊന്നുമല്ല, നല്ല ബംപർ ലോട്ടറി! സയ്യിദ് മുഷ്താഖലി ട്രോഫി ടി20 മത്സരങ്ങളിൽ മുംബൈയുടെ നായകനായ രഹാനെ തട്ടുപൊളിപ്പൻ ഫോമിലാണ്. കലാശപ്പോരിന് മുന്നോടിയായുള്ള അവസാന ഏഴ് കളികളിൽ അഞ്ചിലും ഫിഫ്റ്റിയടിച്ചാണ് ആശാൻ്റെ നിൽപ്പ്. നിർഭാഗ്യം വിനയായപ്പോൾ കഷ്ടിച്ച് മിസ്സായ രണ്ട് സെഞ്ചുറികൾ കൂടി ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്നത് പ്രത്യേകം ഓർക്കണം. 170നോടടുത്ത് പ്രഹരശേഷിയിൽ 432 റൺസാണ് മുംബൈ നായകൻ അടിച്ചെടുത്തത്. 61.71 ആവറേജിൽ രഹാനെ നടത്തുന്ന ഈ പ്രകടനം കണ്ട്... മറ്റു ഐപിഎൽ ടീം സെലക്ടർമാരെല്ലൊം ഇപ്പോൾ നല്ലോണം വിഷമിക്കുന്നുണ്ടാകും.

ആദ്യ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതിരുന്ന രഹാനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തോടെ... ഐപിഎല്ലിൽ കെകെആറിനെ നയിക്കാനുള്ള മുന്നൊരുക്കത്തിലാണ്. 23.75 കോടി രൂപയ്ക്ക് വാങ്ങിയ വെങ്കിടേഷ് അയ്യരേക്കാൾ ഷാരൂഖ് ഖാൻ മുൻതൂക്കം നൽകാനിട, അജിൻക്യ രഹാനെയ്ക്ക് തന്നെയാകും... കൊൽക്കത്ത ടീമിൻ്റെ മധ്യനിരയിൽ ക്ലാസിക് ക്രിക്കറ്റ് ഷോട്ടുകളുമായി രഹാനെ ഉണ്ടാകും.. 23.75 കോടിയേക്കാൾ മൂല്യമുണ്ട്, തനിക്ക് ലഭിക്കുന്ന ഒന്നര കോടി രൂപയ്‌ക്കെന്ന് അദ്ദേഹം തെളിയിക്കുക തന്നെ ചെയ്യും. 'സ്ഥിരത' എന്ന വാക്കിന് പകരമായി അവിടെ 'അജിൻക്യ രഹാനെ' എന്നു പേര് വെക്കാമെന്ന് ആദ്യം ട്വീറ്റ് ചെയ്തതും അദ്ദേഹത്തിൻ്റെ ടീമായ കെകെആർ തന്നെയാണെന്ന് ഓർക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com