
മഹാരാഷ്ട്ര മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാർട്ടി (എന്‍സിപി) അധ്യക്ഷന്‍ അജിത് പവാർ. മഹായുതി സഖ്യ സർക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
"യോഗത്തിൽ (മഹായുതി നേതാക്കളുടെ ഡൽഹി യോഗം) ബിജെപിയിൽ നിന്നുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹായുതി സർക്കാർ രൂപീകരിക്കുമെന്നും ശേഷിക്കുന്ന രണ്ട് പാർട്ടികൾക്ക് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും തീരുമാനിച്ചു,” പവാർ പറഞ്ഞു.
Also Read: ഷിന്‍ഡെയോ ഫഡ്നാവിസോ? മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിനിടയിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ച് ബിജെപി
അജിത് പവാറിൻ്റെ എന്‍സിപി, ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ബിജെപി എന്നിവയാണ് മഹായുതി സഖ്യത്തിലെ മൂന്ന് പങ്കാളികൾ. 280 അംഗ നിയമസഭയില്‍ 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പവാറിന്‍റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 57 സീറ്റുകളാണ് നേടിയത്. മൊത്തത്തില്‍ 230 സീറ്റുകള്‍ നേടിയ മഹായുതി സഖ്യം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ ചരിത്ര വിജയമാണ് നേടിയത്. മഹായുതി സഖ്യത്തിന് 140നു മേല്‍ സീറ്റുകളുടെ ഭൂരിപക്ഷമുണ്ട് .
മുഖ്യമന്ത്രി ആരാകും എന്ന് മഹായുതി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തന്നെ ബിജെപി സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് സ്ഥിരീകരിച്ചത്. മുംബൈയിലെ ആസാദ് മൈതാനത്തിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.