2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്നും എ.കെ. ആന്റണി പറഞ്ഞു
എ.കെ. ആന്റണി
കെപിസിസി നേതൃമാറ്റത്തെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതിയ കെപിസിസി അധ്യക്ഷനേയും മറ്റ് ഭാരവാഹികളേയും നിയമിച്ച എഐസിസി തീരുമാനം ആന്‍റണി പൂർണമായി സ്വാഗതം ചെയ്തു. തീരുമാനത്തെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ജനാധിപത്യ വിശ്വാസികളും സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ആന്റണി അറിയിച്ചു. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇടതുപക്ഷ ഭരണത്തിൽ
അസ്വസ്ഥരാണെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ യുഡിഎഫ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പ്രതിസന്ധികളിൽ കോൺഗ്രസിനെ കെ. സുധാകരൻ ധീരമായി നയിച്ചുവെന്ന് എ.കെ. ആൻണി പറഞ്ഞു. കെ. സുധാകരനെ കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവായി നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നു. സുധാകരന്റെ കാലഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് പാർട്ടിയുടെയും യുഡിഫിന്റെ നന്മയ്ക്ക് വേണ്ടി കൂട്ടായ തീരുമാനം എടുക്കുന്ന നേതൃത്വമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്നും എ.കെ. ആന്റണി പറഞ്ഞു. മനസിലുള്ള വിദ്വേഷം പുറത്തുകാണിക്കാതെയാണ് കേരളത്തിലെ വലിയൊരു വിഭാഗം സർക്കാരിന്റെ പ്രവർത്തനങ്ങളെ ശകാരിക്കുന്നത്. അവർ ഒരു അവസരം കാത്തിരിക്കുകയാണ്. പിണറായി സർക്കാറിന്റെ അവസാനത്തെ വാർഷിക ആഘോഷമാണിത്. അടുത്ത മെയിൽ കോൺഗ്രസ് മുഖ്യമന്ത്രി രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലെ പൊതുസമൂഹം ഇനി ഒരു മാർക്സിസ്റ്റ് സർക്കാരിനെ താങ്ങാൻ തയ്യാറല്ലെന്നും എ.കെ. ആന്റണി കൂട്ടിച്ചേർത്തു.
സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ കെപിസിസി അധ്യക്ഷൻ. 2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. എം.എം. ഹസ്സനെ മാറ്റി പുതിയ യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിനെയാണ് എഐസിസി നിയമിച്ചിരിക്കുന്നത്. ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായും തെരഞ്ഞെടുത്തു. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദിഖ് എന്നിവർക്ക് പകരമായാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ എത്തുന്നത്.