'അവര്‍ തുപ്പും, മൂത്രമൊഴിക്കും'; മഹാ കുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്

ചായക്കടകളോ പൂക്കടകളോ തുടങ്ങി ഒരു ഷോപ്പും തുറക്കാന്‍ അനുമതി നല്‍കരുതെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ മഹന്ത് രവീന്ദ്ര പുരി ആവശ്യപ്പെട്ടിരിക്കുന്നത്.
'അവര്‍ തുപ്പും, മൂത്രമൊഴിക്കും'; മഹാ കുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്
Published on


ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വെച്ച് നടക്കാനിരിക്കുന്ന മഹാകുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്. ചായക്കടകളോ പൂക്കടകളോ തുടങ്ങി ഒരു ഷോപ്പും തുറക്കാന്‍ അനുമതി നല്‍കരുതെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ മഹന്ത് രവീന്ദ്ര പുരി ആവശ്യപ്പെട്ടിരിക്കുന്നത്.

'ചായക്കടകളോ ജ്യൂസ് കടകളോ പൂക്കടകളോ ഒന്നും തന്നെ തുറക്കാനുള്ള അനുമതി നല്‍കരുതെന്നാണ് ഞങ്ങള്‍ പറഞ്ഞത്. എങ്ങാനും അവര്‍ക്ക് കടകള്‍ കൊടുക്കുകയാണെങ്കില്‍ അവര്‍ അതില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യും മാത്രമല്ല, അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ നാഗ സന്യാസിമാര്‍ തന്നെ നടപടി എടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും,' മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

തങ്ങളുടെ പരിപാടി വൃത്തിയുള്ളതും, മികച്ചതും സമാധാനപരവും ദൈവികവുമായിരിക്കണമെന്നും അതിന് അഹിന്ദുക്കളെ മാറ്റി നിര്‍ത്തണമെന്നുമാണ് മഹന്ത് രവീന്ദ്രയുടെ ആവശ്യം. നേരത്തെയും കുംഭമേള നടക്കുന്ന ഇടങ്ങളില്‍ അഹിന്ദുക്കള്‍ ഭക്ഷണ ശാലകള്‍ തുറക്കുന്നതിനെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത് എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

അതേസമയം വരുന്ന കുംഭ മേള വൈവിധ്യത്തോടെയുള്ളതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവര്‍ഷത്തെ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. ജനുവരി 13നാണ് ഇത്തവണ കുംഭമേള നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് മാലിന്യ മുക്തവും വൃത്തിയുള്ളതുമായ അന്തരീക്ഷം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com