'ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും കേസരി ചാപ്റ്റര്‍ 2 കാണണം'; എന്താണ് സംഭവിച്ചതെന്ന് അവര്‍ അറിയണമെന്ന് അക്ഷയ് കുമാര്‍

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് തന്റെ അച്ഛന്‍ പറഞ്ഞ കഥകള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു
'ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും കേസരി ചാപ്റ്റര്‍ 2 കാണണം'; എന്താണ് സംഭവിച്ചതെന്ന് അവര്‍ അറിയണമെന്ന് അക്ഷയ് കുമാര്‍
Published on


ബ്രിട്ടിഷ് സര്‍ക്കാരും ചാള്‍സ് രാജാവും തന്റെ പുതിയ ചിത്രമായ കേസരി ചാപ്റ്റര്‍ 2 കാണണമെന്ന് നടന്‍ അക്ഷയ് കുമാര്‍. ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് തന്റെ അച്ഛന്‍ പറഞ്ഞ കഥകള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

'ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്റെ മുത്തച്ഛന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതേ കുറിച്ച് എന്റെ അച്ഛനോട് മുത്തച്ഛന്‍ കഥകള്‍ പറഞ്ഞുകൊടുത്തിരുന്നു. അത് എന്റെ അച്ഛന്‍ എന്നോടും പറഞ്ഞ് തന്നിരുന്നു. കുട്ടിക്കാലം തൊട്ടേ ഈ കൂട്ടക്കൊലയെ പറ്റി എനിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ആ സംഭവം എന്റെ മനസില്‍ തറച്ചുകയറിയിരുന്നു. സത്യം എന്താണെന്നാല്‍ ചരിത്രം നമ്മോട് നമ്മള്‍ അറിയേണ്ടതല്ല പറഞ്ഞിട്ടുള്ളത്', അക്ഷയ് കുമാര്‍ പറഞ്ഞു.

'അവര്‍ മാപ്പ് പറയണമെന്നൊന്നും അല്ല ഞാന്‍ പറയുന്നത്. പക്ഷെ അവര്‍ ഈ സിനിമ കാണുകയും അവരുടെ തെറ്റ് മനസിലാക്കുകയെങ്കിലും വേണം. ബാക്കിയെല്ലാം അവരുടെ വായില്‍ നിന്ന് തനിയെ വന്നുകൊള്ളും. മാപ്പ് പറയേണ്ടത് തനിയെ സംഭവിക്കേണ്ടതാണ്. പക്ഷെ എനിക്ക് അവര്‍ ഈ സിനിമ കാണണം എന്നാണ്. ബ്രിട്ടിഷ് സര്‍ക്കാരും ചാള്‍സ് രാജാവും ഈ സിനിമ കാണണം. എന്താണ് സംഭവിച്ചതെന്ന് അവര്‍ അറിയണം. ബാക്കിയെല്ലാം തനിയെ സംഭവിച്ചോളും', എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

അഭിഭാഷകനായ സി ശങ്കരന്‍ നായരുടെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രില്‍ 18നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

സി.ശങ്കരന്‍ നായരുടെ കൊച്ചുമക്കളായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ 'ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള സി ശങ്കരന്‍ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ മാധവന്‍, അനന്യ പാണ്ഡേ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com