
ആലപ്പുഴയിൽ പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് പുഴുക്കളടക്കം വീണ വെള്ളം കുടിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. തോട്ടപ്പള്ളി സ്പിൽവേക്ക് വടക്ക് ഭാഗത്തായി മാസങ്ങൾക്ക് മുൻപ് പൊട്ടിയ പൈപ്പിലെ വെള്ളത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ഒരു വർഷത്തോളമായി പൈപ്പ് നന്നാക്കാൻ അധികാരികൾ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം.
തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ പാല നിർമാണത്തിനിടെയാണ് ഭാരവാഹനം കയറി കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്. ഒരു വർഷത്തോളം കഴിഞ്ഞിട്ടും ഈ തകരാറ് പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസമായി ഈ പ്രദേശങ്ങളിൽ ലഭിക്കുന്ന കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിലായിലാണ്. പലയാവർത്തി വിവിധ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നാണ് ആക്ഷേപം.
ജല ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയത്. പൊട്ടിയ പൈപ്പ് ലൈൻ്റെ തകരാറ് പരിഹരിക്കാതെ ഇതിന് മുകളിലൂടെ കോൺക്രീറ്റ് ചെയ്തതോടെ ഈ പ്രദേശമാകെ വെള്ളക്കെട്ടിലാണ്. പുഴുക്കളെ കണ്ടെത്തിയതോടെ ദിവസവും പണം കൊടുത്ത് കുടിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.