പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം, ഒരു വിദ്യാർഥിയെ പോലും ഉൾപ്പെടുത്താതിരിക്കരുത്: വിദ്യാഭ്യാസ മന്ത്രി

വിദ്യാലയങ്ങളിൽ ബോഡി ഷെയിമിങ് ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം, ഒരു വിദ്യാർഥിയെ പോലും ഉൾപ്പെടുത്താതിരിക്കരുത്: വിദ്യാഭ്യാസ മന്ത്രി
Published on


പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇത് മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ പഠനയാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു. വിദ്യാലയങ്ങളിൽ ബോഡി ഷെയിമിങ് ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനംപോലുള്ള ആഘോഷങ്ങളിൽ സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നുണ്ട്. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com