വിഎച്ച്പി പരിപാടിയിൽ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി അലഹബാദ് ഹൈക്കോടതി ജഡ്ജി

പരാ‍മ‍ർശത്തിൽ സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു
വിഎച്ച്പി പരിപാടിയിൽ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി  അലഹബാദ് ഹൈക്കോടതി ജഡ്ജി
Published on

വിവാദമായ മുസ്ലീം വിരുദ്ധ പരമാർശത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാ‍ർ യാദവ്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്  നൽകിയ കത്തിലായിരുന്നു ശേഖർ കുമാറിന്റെ വിശദീകരണം. ജുഡീഷ്യൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പരിപാടിയിൽ മുസ്ലീം വിഭാ​ഗത്തിനെതിരെ ശേഖർ കുമാ‍ർ യാദവ് നടത്തിയ പരാ‍മ‍ർശത്തിൽ സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.


ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനമായിരുന്നു തന്റെ പ്രസംഗമെന്നാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ ബൻസാലിക്ക് നൽകിയ മറുപടിയിൽ ശേഖർ കുമാ‍ർ പറയുന്നത്.  ഒരു സമൂഹത്തോടും വിദ്വേഷം വളർത്താൻ വേണ്ടിയല്ലെന്നും ജസ്റ്റിസ് ശേഖർ കുമാർ അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 17 ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സന്ദർശിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് ബൻസാലി ശേഖർ കുമാറിന്‍റെ  പ്രതികരണം തേടിയിരുന്നു.

ഡിസംബർ 8 ന് അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളിൽ ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. കുട്ടിക്കാലം മുതൽ തന്നെ അക്രമം പരിചയിച്ചതിനാൽ മുസ്ലീം കുട്ടികളിൽ നിന്നും 'സഹിഷ്ണുതയും' 'ഉദാരതയും' പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ശേഖർ കുമാ‍ർ യാദവിന്റെ പ്രസ്താവന. 'കത്മുള്ള' എന്ന അപമാനകരമായ പദവും മുസ്ലീം വിഭാ​ഗത്തെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെക്കുറിച്ച് പഠിപ്പിക്കുന്നതിനാൽ അവരുടെ കുട്ടികള്‍ അഹിംസയും സഹിഷ്ണുതയും ഉള്ളവരാണെന്നും യാദവ് കൂട്ടിച്ചേർത്തു. ഇന്ത്യ 'ഭൂരിപക്ഷത്തിന്റെ' ആഗ്രഹത്തിനനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു.


ശേഖർ കുമാ‍ർ യാദവിന്റെ വിവാദ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ ഈ പ്രസ്താവനയെ അപലപിച്ച് രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ് ജസ്റ്റിന്റെ പരാമർശം എന്നായിരുന്നു ബാർ അസോസിയേഷൻ‌റെ പ്രതികരണം. 2024 ഡിസംബർ 13-ന്, രാജ്യസഭയിലെ ആറ് പ്രതിപക്ഷ എംപിമാർ ചേർന്ന് ജസ്റ്റിസ് യാദവിനെതിരെ ഉപരിസഭ സെക്രട്ടറി ജനറലിന് ഇംപീച്ച്‌മെന്റ് പ്രമേയം സമർപ്പിച്ചിരുന്നു. 'വിദ്വേഷ പ്രസംഗം' ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും , 'സാമുദായിക സംഘർഷത്തിന്' പ്രേരിപ്പിക്കലാണെന്നുമായിരുന്നു പരാതി. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇത് അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു.

മറുവശത്ത്, ജസ്റ്റിസ് യാദവിനെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെയാണ് രംഗത്തെത്തിയത്. ജസ്റ്റിസ് പറഞ്ഞത് 'സത്യം' ആണെന്നായിരുന്നു ആദിത്യനാഥിന്റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com