അല്ലു അർജുൻ ജയിൽ മോചിതനായി; പിൻഗേറ്റിലൂടെ പുറത്തിറങ്ങി

സാങ്കേതിക കാരണങ്ങളാൽ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് ലഭിക്കാൻ വൈകിയതിനാലാണ് അല്ലു അർജുന് രാത്രി മുഴുവൻ ജയിലിൽ തങ്ങേണ്ടി വന്നത്
അല്ലു അർജുൻ ജയിൽ മോചിതനായി; പിൻഗേറ്റിലൂടെ പുറത്തിറങ്ങി
Published on

ഹൈദരാബാദിൽ പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിരക്കിൽ പെട്ട് സ്ത്രീ മരിച്ച കേസിൽ അല്ലു അർജുൻ ജയിൽ മോചിതനായി. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അല്ലു അർജുൻ കഴിഞ്ഞ രാത്രി ചഞ്ചൽഗുഡ ജയിലിൽ തുടരുകയായിരുന്നു. സാങ്കേതിക കാരണങ്ങളാൽ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് ലഭിക്കാൻ വൈകിയതിനാലാണ് നടന് രാത്രി മുഴുവൻ ജയിലിൽ തങ്ങേണ്ടി വന്നത്. കോടതി ഉത്തരവ് എത്തിക്കും മുൻപേ ജയിൽ സൂപ്രണ്ട് മടങ്ങിയതോടെ അല്ലു അർജുനെ ജയിലിലെ ക്ലാസ് വൺ ബാരക്കിലേക്ക് മാറ്റിയിരുന്നു. നടപടിക്രമങ്ങൾ വൈകിയതോടെ ജയിലിന് മുന്നിലുണ്ടായിരുന്ന പിതാവ് അല്ലു അരവിന്ദ് തിരിച്ച് വീട്ടിലേക്ക് മടങ്ങി. നടനെ വിട്ടയക്കാത്തതിനാൽ ജയിലിന് പുറത്ത് തടിച്ചുകൂടിയ ആരാധകർ രാത്രി വൈകിയും പ്രതിഷേധം തുടർന്നു. അല്ലു അർജുൻ രാവിലെയോടെ ജയിൽ മോചിതനാകുമെന്ന് ടാസ്ക് ഫോഴ്സ് അഡീഷണൽ ഡിസിപി ശ്രീനിവാസ് റാവു അറിയിച്ചിരുന്നു.

തീയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ അല്ലു അർജുനും തിയേറ്റർ ഉടമയും അടക്കം 4 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിൽ തീയേറ്റർ ഉടമ, മാനേജർ, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച ജൂബിലി ഹില്‍സിലെ വീട്ടിലെത്തി അല്ലു അർജുൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാൽ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ അതിവേഗം വാദം കേട്ട തെലങ്കാന ഹൈക്കോടതി നടന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പൊലീസിന് ലഭ്യമാക്കിയിരുന്നുവെന്നും, വിടുതൽ ഉത്തരവ് പാലിക്കാൻ ജയിൽ അധികൃതർ വിസമ്മതിച്ചതായും അല്ലു അർജുൻ്റെ അഭിഭാഷകനായ അശോക് റെഡ്ഡി ആരോപിച്ചു.

അതേസമയം, പൊലീസിൻ്റെ നാടകീയ നീക്കത്തിൽ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുകയാണ്. നടനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണങ്ങളുണ്ട്. തീയേറ്ററിലുണ്ടായ അപകടത്തിൽ തെലങ്കാന ഭരണകൂടത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. തെലങ്കാന സർക്കാർ സിനിമാ രംഗത്തെ പ്രമുഖരെ തുടർച്ചയായി ആക്രമിക്കുന്നതിന് പകരം ദുരിതബാധിതരെ സഹായിക്കണമെന്നും, ക്രമീകരണങ്ങളിൽ വീഴ്ചവരുത്തിയവരെ ശിക്ഷിക്കണമെന്നും കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. എന്നാൽ അല്ലു അർജുൻ്റെ അറസ്റ്റിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും നിയമം നിയമത്തിൻ്റെ വഴിക്ക് നീങ്ങുകയാണെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം. സിനിമയുടെ റിലീസിനോടനുബന്ധിച്ച് തീയേറ്ററിൽ ഉചിതമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതായാണ് ഹൈദരാബാദ് പൊലീസിൻ്റെയും അവകാശവാദം. അല്ലു അർജുൻ്റെ പ്രവർത്തികളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പക്ഷം. അല്ലു അർജുൻ കാറിൽ നിന്നും പുറത്തിറങ്ങിയതും ആരാധകർക്ക് കൈവീശിയതുമാണ് നിയന്ത്രിക്കാനാവാത്ത തിക്കിലും തിരക്കിലും കലാശിച്ചതെന്നും പൊലീസ് പറയുന്നു. അറസ്റ്റിനിടെ നടനോട് മോശമായി പെരുമാറിയെന്ന ആരോപണവും പൊലീസ് നിഷേധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com