ഈ തെരഞ്ഞെടുപ്പിലും ചർച്ചയാകുന്ന പ്രശ്നമാണ് മുത്തങ്ങ- ബന്ദിപൂർ വനപാതയിലൂടെയുള്ള രാത്രി യാത്രാ നിരോധനം
മുത്തങ്ങ- ബന്ദിപൂർ വനപാതയിലൂടെയുള്ള രാത്രി യാത്രാ നിരോധനം നിലവിൽ വന്നിട്ട് 15 കൊല്ലത്തിലേറെയായി. ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികൾക്ക് സൃഷ്ടിച്ചിട്ടുള്ളത്. കാലം മുന്നോട്ട് നീങ്ങുമ്പോൾ, കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകുമ്പോഴും, ഈ പ്രശ്നത്തിന് ഇനിയും പരിഹാരം കാണാൻ മാറിമാറി വരുന്ന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും സാധിച്ചിട്ടില്ല. ഇത്തവണത്തെ വയനാട് ഉപതെരഞ്ഞെടുപ്പിലും ചർച്ചയാകുന്ന പ്രശ്നമാണ് മുത്തങ്ങ- ബന്ദിപൂർ വനപാതയിലൂടെയുള്ള രാത്രി യാത്രാ നിരോധനം. എന്താണ് ഇതിന്റെ പരിഹാരം?
2009 ജൂലൈ 27നാണ് മുത്തങ്ങ- ബന്ദിപൂർ വനപാതയിൽ രാത്രിയാത്രയ്ക്ക് നിരോധനം നിലവിൽ വന്നത്. കർണാടക വനം വകുപ്പിൻ്റെ പരാതിയെ തുടർന്നാണ് മൈസൂരു ജില്ലാ കലക്ടർ രാത്രിയാത്ര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി സഞ്ചാരം വന്യമൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തെ തടസപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്. ഇതിനെതിരെ KSRTC അടക്കം ഹർജി നൽകുകയും ഒരു ഘട്ടത്തില്‍ നിരോധനം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകൻ ശ്രീനിവാസ ബാബു നൽകിയ ഹർജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതി 2010 മാര്‍ച്ചില്‍ നിരോധനം ശരിവച്ച് ഉത്തരവിട്ടു.
ALSO READ: എഡിജിപി അജിത് കുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല
രാത്രിയാത്രാ നിരോധനം പിന്‍വലിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെ ബദല്‍ മാര്‍ഗങ്ങള്‍ പലതും അധികൃതരുടെ പരിഗണനയില്‍ വന്നു. വനത്തിലൂടെ മേല്‍പ്പാതകള്‍ നിര്‍മിക്കുന്നതായിരുന്നു ഇതില്‍ പ്രധാനം. ഇടവിട്ട് അഞ്ച് മേല്‍പ്പാതകള്‍ നിര്‍മിക്കാനുള്ള ഈ ശുപാര്‍ശ കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പായില്ല. സുപ്രീംകോടതി അത്തരം പദ്ധതികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.
രാഹുൽ ഗാന്ധി എംപി ആയി എത്തിയതും, കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതും എല്ലാം വേഗത്തിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ഇപ്പുറം ഇതേ പ്രശ്നം വയനാട്ടുകാർ ഉപതെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവയ്ക്കുകയാണ്.
ALSO READ: ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളത്തിലേക്കുള്ള നാള്‍വഴികള്‍ ഇങ്ങനെ...
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിന്റെ തന്ത്രപ്രധാനമായ പാതയായിരുന്നു മുത്തങ്ങ- ബന്ദിപ്പൂർ പാത. കോഴിക്കോട്, മൈസൂരു, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ പാത. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്കുഗതാഗതം സുഗമമായി നടന്നിരുന്ന പാതയില്‍ യാത്രാനിരോധനം വന്നത് വാണിജ്യ ഗതാഗതത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സ്വകാര്യവാഹനങ്ങള്‍ കുട്ട-ഗോണിക്കുപ്പ വഴി കര്‍ണാടകയിലേക്കും കേരളത്തിലേക്കും സഞ്ചരിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്കാകില്ല. താരതമ്യേന വീതി കുറഞ്ഞതും കൂടുതല്‍ വളവുകള്‍ നിറഞ്ഞതുമായ ഗോണിക്കുപ്പയിലൂടെ ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് എളുപ്പം കടന്നുപോകാനാകില്ല.
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ യാഥാർഥ്യമായിരുന്നു എങ്കിൽ വലിയൊരു പരിധി വരെ പ്രതിസന്ധിക്ക് പരിഹാരമായേനെ. മേപ്പാടി-സുൽത്താൻ ബത്തേരി-ചിയാക്കബർഗി വഴി നഞ്ചൻഗുഡിൽ അവസാനിക്കുന്ന 190 കിലോമീറ്റർ പാത മറ്റൊരു പരിഹാര മാർഗമായിരുന്നു. എന്നാൽ ഈ പദ്ധതിയും എങ്ങുമെത്തിയില്ല. ഇത് പൂർത്തിയായാൽ വയനാട്ടിൽ നിന്ന് ബെംഗളൂരുവിൽ എത്താൻ രണ്ടര മണിക്കൂർ മതിയാകും.