നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

എറണാകുളം മൂഴിക്കുളത്ത് പുഴയില്‍ എറിഞ്ഞുകൊന്ന നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്‌സോ, ബാലനീതി വകുപ്പുകളാണ് അടുത്ത ബന്ധുവായ ഇയാള്‍ക്കെതിരെ ചുമത്തിയത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും' പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം, കുഞ്ഞിനെ കൊന്ന കേസില്‍ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അഞ്ച് ദിവസത്തേക്ക് അമ്മയെ കസ്റ്റഡിയില്‍ വിട്ടത്. കുട്ടിയെ കൊല ചെയ്യാനുള്ള സാഹചര്യം, പീഡനവിവരം അറിഞ്ഞിരുന്നോ തുടങ്ങിയവയെ കുറിച്ച് പൊലീസ് ചോദ്യം ചെയ്‌തേക്കും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. കൊല്ലപ്പെടും മുന്‍പ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com