
ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേലിനൊപ്പം പങ്കു ചേരാൻ അമേരിക്കയും. മിസൈൽ പ്രതിരോധ സംവിധാനവും അതു പ്രവർത്തിപ്പിക്കാനുള്ള സൈനികരേയും ഇസ്രയേലിന് കൈമാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് ഇസ്രയേലിന് അമേരിക്ക പുതിയ പ്രതിരോധ സംവിധാനങ്ങൾ നൽകുന്നത്.
ഇസ്രയേലിന് കരുത്ത് പകരാൻ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേലിലേക്ക് അയക്കുമെന്നാണ് അമേരിക്കയുടെ അറിയിപ്പ്. ഇറാനെതിരെയുള്ള ആക്രമണത്തിനായി മിസൈൽ ആക്രമണം പ്രതിരോധിക്കാൻ ദ ടെര്‍മിനല്‍ ഹൈ ആൾറ്റിറ്റ്യൂഡ് ഏരിയ ഡിഫെന്‍സ് (താഡ്) ബാറ്ററിയാണ് ഇസ്രയേലിൽ അമേരിക്ക വിന്യസിക്കുന്നത്. ഇതു പ്രവർത്തിപ്പിക്കാൻ യു.എസ് സൈനികരേയും അയക്കും. മിസൈൽ പ്രതിരോധ സംവിധാനം എന്നാണ് സങ്കൽപ്പമെങ്കിലും ഫലത്തിൽ അമേരിക്കയും ഇസ്രയേലിന് ഒപ്പം ചേരുന്നതിന് തുല്യമാണ് ഈ നീക്കം.
അമേരിക്കയുടെ സേനയെ ഇസ്രയേലില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അവസാനമായി ഇത്തരമൊരു മിസൈൽ സംവിധാനം അയച്ചത്.
ഇസ്രയേലില്‍ യുഎസ് മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുകവഴി അമേരിക്ക സ്വന്തം സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാക്കി പ്രതികരിച്ചു. യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് ഇസ്രയേലിന് അമേരിക്കയുടെ പുതിയ പ്രതിരോധ സംവിധാനം.
അതേസമയം, ഇസ്രയേലിലെ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ-ഇറാൻ കരയുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ഹിസ്ബുള്ള ആക്രമണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.