
പ്രധാനമന്ത്രിക്ക് പിന്നാലെ ഹരിയാനയിലെ മുൻ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് ഹരിയാന ഭരിച്ചിരുന്നത് ഡീലർമാരും ദല്ലാൾമാരുമാണെന്ന് അമിത് ഷാ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ സംസാരിക്കവെയാണ് അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചത്.
രാജ്യത്തെ ഏറ്റവും അഴിമതിക്കാരാണ് ഗാന്ധി കുടുംബമെന്നും, കോൺഗ്രസ് സർക്കാർ ദല്ലാളിനും ഡീലർമാർക്കും സംസ്ഥാനം കൈമാറിയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതേ വിമർശനം ഏറ്റുപിടിച്ചായിരുന്നു അമിത് ഷായുടെ കടന്നാക്രമണം. ബിജെപി അധികാരത്തിൽ വരുന്നതിന് മുൻപ് ഹരിയാന ഭരിച്ചിരുന്നത് ഡീലർമാരും ദല്ലാളുമാരുമാണെന്ന് അമിത് ഷാ ആരോപിച്ചു. ഹരിയാനയിലെ ബിജെപി സർക്കാരിൻ്റെ ശ്രമങ്ങളും സംരംഭങ്ങളും എടുത്തുപറഞ്ഞ അദ്ദേഹം ബിജെപി സർക്കാരിൽ ഡീലർമാരോ ബ്രോക്കർമാരോ അവശേഷിക്കുന്നില്ലെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ കടുത്ത വിമർശനം ഉന്നയിച്ചു. കർഷക സംഘടനയായ എംഎസ്‌പിയുടെ പേരിൽ കർഷകരോട് കോൺഗ്രസ് കള്ളം പറയുകയാണ്. ഹരിയാനയിലെ ബിജെപി സർക്കാർ 24 വിളകൾ, കുറഞ്ഞ താങ്ങുവിലയ്ക്ക് സംഭരിക്കുകയാണെന്ന് അടിവരയിട്ട് പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എംഎസ്‌പിയുടെ പൂർണരൂപം അറിയാമോയെന്നും അമിത് ഷാ ചോദിച്ചു. റാബി, ഖാരിഫ് വിളകൾ തമ്മിലുള്ള വ്യത്യാസം പോലും കോൺഗ്രസ് നേതാവിന് അറിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.
അമേരിക്കൻ സന്ദർശന വേളയിൽ സംവരണത്തെക്കുറിച്ചും എസ്‌സി/എസ്ടി ക്വാട്ടയെക്കുറിച്ചും രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പേരിലും അമിത്ഷാ രാഹുൽ ഗാന്ധിയെ വിമർശിച്ചു. 'പാർലമെൻ്റിൽ ഒരു ബിജെപി എംപിയെങ്കിലും ഉള്ളിടത്തോളം കാലം നിങ്ങൾക്ക് സംവരണം അവസാനിപ്പിക്കാൻ കഴിയില്ല' - അമിത് ഷാ പറഞ്ഞു. ഒക്ടോബർ 5 ന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക, ഒക്ടോബർ 8 ന് ഫലം പ്രഖ്യാപിക്കും.