അമ്മു സജീവിൻ്റെ മരണം: ചുട്ടിപ്പാറ നഴ്സിങ് കോളേജ് മുന്‍ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

സഹപാഠികളും അധ്യാപകനും ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്
അമ്മു സജീവിൻ്റെ മരണം: ചുട്ടിപ്പാറ നഴ്സിങ് കോളേജ് മുന്‍ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
Published on

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ. ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളേജ് പ്രിൻസിപ്പലായിരുന്ന എന്‍. അബ്ദുല്‍ സലാമിനെയും സൈക്കാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സഹപാഠികളും അധ്യാപകനും ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.  മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് കാട്ടി പരാതിയും നൽകിയിരുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് സെൻ്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS). അമ്മു സജീവിന്റെ മരണത്തിന് പിന്നാലെ കോളേജ് പ്രിന്‍‌സിപ്പലിനെ സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. അമ്മുവിന്റെ മരണത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരെയും കോളേജ് നടപടി എടുത്തിരുന്നു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ നിലവില്‍ ജാമ്യത്തിലാണ്.

ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാര്‍ഥിനി, തിരുവനന്തപുരം അയിരൂപാറ സ്വദേശിനിയായ അമ്മു സജീവ് (22) നവംബര്‍ 15നാണ് പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചത്. പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സഹപാഠികളായ വിദ്യാർഥികൾ അമ്മുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com