സംസ്ഥാനത്തെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ. ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പെൻഷൻ വാങ്ങുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് പ്രൊഫസർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തൽ. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കാനും, കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചുപിടിക്കാനും ധനവകുപ്പ് നിർദേശം നൽകി.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ. 373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും, മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: പാമോലിന്‍ കേസ്: വാദം ഇനിയും മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി
കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. ബാക്കിയുള്ളവരുടെ പൂർണവിവരം വരും ദിവസങ്ങളിൽ ശേഖരിക്കും. നിലവിൽ ക്രമക്കേട് നടത്തിയവരുടെ പേരുവിവരമടക്കം ശേഖരിച്ചിട്ടുണ്ടെന്നും, ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ധനവകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥർ കൂട്ടായെടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ പെൻഷൻ കൈപ്പറ്റിയതെന്നും, ഇത്രയും പേർ തട്ടിപ്പിൽ ഉൾപ്പെട്ടത് കൃത്യമായ ആസൂത്രണത്തിൻ്റെ ഭാഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ തുകയാണ് സർക്കാരിന് ഇതിലൂടെ നഷ്ടപ്പെട്ടത്. അനർഹരായ മുഴുവൻ പേരെയും കണ്ടെത്തുമെന്നും കർശനമായ പരിശോധന തുടരുമെന്നും ധനവകുപ്പ് അറിയിച്ചു.