"വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം"; ഹിന്‍ഡന്‍ബർഗിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്

വസ്തുതകളേയും നിയമങ്ങളേയും അവഗണിച്ച് വ്യക്തിപരമായ ലാഭത്തിനായാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നാണ് ഗ്രൂപ്പിന്‍റെ പ്രസ്താവന
"വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം"; ഹിന്‍ഡന്‍ബർഗിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്
Published on

യുഎസ് ആസ്ഥാനമാക്കിയുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ചിന്‍റെ വെളിപ്പെടുത്തലുകള്‍ തള്ളി അദാനി ഗ്രൂപ്പ്. വസ്തുതകളേയും നിയമങ്ങളേയും അവഗണിച്ച് വ്യക്തിപരമായ ലാഭത്തിനായാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നാണ് ഗ്രൂപ്പിന്‍റെ പ്രസ്താവന.

ഇന്ത്യന്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിച്ചതിന് അന്വേഷണങ്ങള്‍ നേരിടുന്ന വിശ്വാസ്യതയില്ലാത്ത ഒരു ഷോര്‍ട്ട് സെല്ലറുടെ ആരോപണങ്ങളാണിതെന്ന് ഗ്രൂപ്പ് പറഞ്ഞു. നിയമങ്ങളെ പൂര്‍ണമായും അവഹേളിക്കുന്ന ഒരു സംരഭം വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തുന്ന ഇടപെടല്‍ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. കഴിഞ്ഞ മാസം ഹിന്‍ഡന്‍ബര്‍ഗിനും ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്‌സണും മാര്‍ക്കറ്റ് റെഗുലേറ്റേഴ്‌സായ സെബി, കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ മുന്‍ നിര്‍ത്തിയായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പ്രതികരണം.


ജൂലൈയില്‍ സെക്യൂരിറ്റീസ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഹിന്‍ഡന്‍ബര്‍ഗ് സെബി ആക്ട് ലംഘിച്ചുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ തടയാനും ഓഹരി വിപണിയിലെ ഗവേഷണത്തിനായുള്ള പെരുമാറ്റച്ചട്ടങ്ങളുമാണ് സെബി ആക്ട്.


ഇന്നലെയാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനി ഗ്രൂപ്പ്, ഓഹരി വിപണിയില്‍ ക്രമക്കേടുകള്‍ നടത്താനായി ഉപയോഗിച്ച അക്കൗണ്ടുകളില്‍ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വിസില്‍ ബ്ലോവര്‍ രേഖകളെ മുന്‍നിര്‍ത്തിയായിരുന്നു ആരോപണം. എന്നാല്‍, മാധബി ബുച്ച് ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തലുകള്‍ നിഷേധിച്ചു. വ്യക്തിഹത്യക്കായുള്ള ശ്രമം എന്നാണ് റിപ്പോര്‍ട്ടിനെ സെബി ചെയര്‍പേഴ്‌സണ്‍ വിശേഷിപ്പിച്ചത്. ജൂലൈയിലെ ഹിന്‍ഡന്‍ബര്‍ഗിനെതിരെയുള്ള സെബിയുടെ നടപടിക്കുള്ള പ്രതികരണമാണിതെന്നും ആരോപിച്ചു.


2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വിദേശത്തുള്ള ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരി പെരുപ്പിച്ചു കാണിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇത് അദാനിയുടെ ബിസിനസ് ശൃംഖലയെ ബാധിച്ചിരുന്നു. 2.5 ബില്യണ്‍ ഡോളറിന്‍റെ ഇടിവാണ് അദാനിയുടെ ഓഹരികളില്‍ ഉണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com