കുട്ടി നിലവിൽ ചികിത്സയിലാണെന്നും കുട്ടിയുടെ മുഖത്ത് ഉൾപ്പെടെ പരുക്കുകൾ ഉണ്ടെന്നും ആശുപത്രി അധികൃതരും അറിയിച്ചു.
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി വീണ്ടും ചെന്നായ ആക്രമണം. മഹ്‌സി തഹ്‌സിലിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരനെ ചെന്നായ ആക്രമിച്ചെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. കുട്ടി നിലവിൽ ചികിത്സയിലാണെന്നും കുട്ടിയുടെ മുഖത്ത് ഉൾപ്പെടെ പരുക്കുകൾ ഉണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടി വീടിന്റെ വാതിലിനു സമീപം കളിക്കുന്ന സമയത്താണ് ചെന്നായ ആക്രമിക്കുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ ചെന്നായ ഓടിപ്പോയെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. ആക്രമണത്തിൽ കുട്ടിയുടെ കവിളിലും, കഴുത്തിലും, മുഖത്തും സാരമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ALSO READ: ബഹ്റൈച്ചിൽ ഭീതി പടർത്തി വീണ്ടും ചെന്നായ ആക്രമണം; മൂന്ന് വയസുകാരിയെ കടിച്ചു കൊന്നു
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, ബഹ്‌റൈച്ച് ജില്ലയിൽ ഏഴ് കുട്ടികളുൾപ്പെടെ എട്ടുപേരെയാണ് ചെന്നായ്ക്കൾ കടിച്ചു കൊന്നത്. 30 ഓളം പേർക്ക് പരുക്കേട്ടിട്ടുമുണ്ട്. സെപ്തംബർ രണ്ടിന് ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ ചെന്നായ കടിച്ചു കൊന്നതാണ് പ്രദേശത്ത് അവസാനമായി ഉണ്ടായ ആക്രമണം. സംഭവത്തിൽ അന്ന് രണ്ട് സ്ത്രീകൾക്കും പരുക്കേറ്റു.
വലിയ ബഹളങ്ങളൊന്നുമില്ലാതെ സമാധാനത്തിൽ ജീവിച്ചിരുന്ന സ്ഥലമാണ് ബഹ്‌റൈച്ചിലെ സിക്കന്ദർപൂർ ഗ്രാമം. ഭൂരിഭാഗം പേരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. മിക്കവർക്കും അടച്ചുറപ്പുള്ള വീടുകൾ പോലുമില്ല. കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രദേശം നരഭോജി ചെന്നായ്ക്കളുടെ ഭീഷണി നേരിടുകയാണ്. ബഹ്‌റൈച്ചിലെ മുപ്പതോളം ഗ്രാമങ്ങളിലെ ആളുകളാണ് ജീവൻ നഷ്ടമാകുമോ എന്ന ഭയത്തിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. സമീപത്തെ വയലുകളിൽ നിന്ന് രാത്രിയാണ് മിക്കവാറും ആക്രമണമുണ്ടാകുന്നത്.
ALSO READ: 'ഓപ്പറേഷൻ ഭേദിയ' തുടരുന്നു; നരഭോജി ചെന്നായ്ക്കളെ മുഴുവനും പിടികൂടാൻ ഒരുങ്ങി യുപി സർക്കാർ
നേരത്തെ നാല് ചെന്നായകളെ പിടികൂടിയെങ്കിലും പ്രദേശത്തെ ആക്രമണം തുടരുകയാണ്. അതുകൊണ്ട് തന്നെ യഥാർത്ഥ നരഭോജികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് തന്നെയാണ് വിദഗ്ധരുടെയും അഭിപ്രായം. ചെന്നായ്ക്കളെ പിടിക്കാൻ തെർമൽ ഡ്രോണുകളും തെർമോസ് സെൻസർ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നരഭോജികളായ ചെന്നായകളെ പിടികൂടാൻ വനംവകുപ്പും ഭരണകൂടവും പൂർണ സജ്ജമാണ് എന്നാണ് സർക്കാർ പറയുന്നത്.
വിവിധ വകുപ്പുകളിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരും ജീവനക്കാരും ചെന്നായ്ക്കളെ പിടികൂടുന്നതിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമായി പ്രദേശത്ത് തുടരുന്നുണ്ട്. വനംവകുപ്പ് മൂന്ന് വിഭാഗങ്ങളിലായി ആറ് ടീമുകൾ രൂപീകരിച്ച് 165 ഉദ്യോഗസ്ഥരും ഒമ്പത് ഷൂട്ടർമാരും ചേർന്ന് രാവും പകലും ചെന്നായ്ക്കൾക്കായി തിരച്ചിൽ നടത്തുന്നുണ്ട് എന്നും അധികൃതർ വ്യക്തമാക്കുന്നു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് ഈ ടീമുകളെ നയിക്കുന്നത്. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് പ്രത്യേകം കൊണ്ടുവന്ന വിദഗ്ധരുടെ സംഘവും പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.