
ചേർത്തല തണ്ണീർമുക്കത്ത് വീട്ടിൽ കയറി വയോധികനെ കുത്തി പരുക്കേൽപ്പിച്ച് മോഷണം. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമി സംഘം വീട്ടിലെത്തി വയോധികനെ കുത്തി പരുക്കേൽപിച്ചത്. കുത്തേറ്റ ചിറയിൽ സണ്ണി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയോധികൻ്റെ ഭാര്യ എൽസമ്മയുടെ സ്വർണമാല അക്രമി സംഘം അപഹരിച്ചു.
തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ പാലത്തിന് സമീപം ചിറയിൽ സണ്ണിയും ഭാര്യ എൽസമ്മയും ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിനോട് ചേർന്നുള്ള സ്റ്റേഷനറി കടയിൽ എത്തുന്ന അത്യാവശ്യക്കാർക്ക് വേണ്ടി കടയോട് ചേർന്ന് കോളിങ് ബെൽ സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 3:00 മണിയോടെ വീട്ടിലെത്തിയ മോഷ്ടാവ് കടയുടെ കോളിംഗ് ബെൽ അടിച്ചു. കടയിലെത്തിയ അത്യാവശ്യക്കാരാണെന്ന് കരുതി സണ്ണി വീടിൻറെ പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങി. എന്നാൽ മുഖംമൂടി ധരിച്ച രണ്ടുപേരാണ് പുറത്ത് സണ്ണിയെ കാത്തുനിന്നത്. സണ്ണിയെ കണ്ട ഉടൻ ഇരുവരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. അരിവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയും തുടർന്ന് കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും ചെയ്തു.
ഭർത്താവിൻ്റെ നിലവിളി കേട്ടാണ് എൽസമ്മ വീടിന് പുറത്തേക്ക് എത്തുന്നത്. ഇവരുടെ കഴുത്തിൽ കിടന്ന മാല ബലം പ്രയോഗിച്ച് മോഷ്ടാക്കൾ കൈക്കലാക്കി കടന്നു കളഞ്ഞു. അക്രമി സംഘം ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ സണ്ണിയെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ലിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.