ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിൽ ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ട യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധത്തെ കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്
ഭരണകൂടത്തിനോടുള്ള പേടി കൊണ്ടായിരിക്കണം, അവൾ അന്ന് ഹിജാബ് ധരിച്ചിരുന്നു. എന്നാൽ ഇറാനിലെ സദാചാര പൊലീസിന് തൃപ്തിയായില്ല. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പറഞ്ഞ് അവർ അവളെ ആക്രമിച്ചു. ആ കോളേജ് വിദ്യാർഥി തൻ്റെ അടിവസ്ത്രം ധരിച്ച് തെരുവിലെത്തി. ലോകം മുഴുവൻ പറഞ്ഞു. ഇവളെ ബഹുമാനിക്കൂ, ഇതാണ് ധൈര്യം.
ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിൽ ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ട വിദ്യാർഥിയുടെ വ്യത്യസ്തമായ പ്രതിഷേധത്തെ കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. യുവതി മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും, ഇവർ പൊലീസ് സ്റ്റേഷനിൽ വെച്ചുൾപ്പെടെ അസാധാരണമായി പെരുമാറിയെന്നുമാണ് യൂണിവേഴ്‌സിറ്റി വക്താവ് അമീർ മഹ്ജോബ് നൽകിയ വിശദീകരണം. എന്നാൽ അവർ ബോധപൂർവ്വം നടത്തിയ പ്രതിഷേധമാണ് ഇതെന്നാണ് സമൂഹമാധ്യമത്തിൽ പലരും അഭിപ്രായപ്പെടുന്നത്.
സധൈര്യം പ്രതിഷേധത്തിനിറങ്ങിയ ഈ വിദ്യാർഥിയെ അധികൃതർ അറസ്റ്റ് ചെയ്തെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ അവസാനമായി പുറത്തുവിട്ടിരിക്കുന്ന വാർത്ത. രണ്ട് വർഷങ്ങൾക്ക് മുൻപ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് കാരണത്താൽ കൊലചെയ്യപ്പെട്ട മെഹ്സ അമിനി എന്ന കുർദിഷ് യുവതിയെ ലോകം മറന്നിട്ടില്ല. മെഹ്സയുടെ കഥ വീണ്ടും ആവർത്തിക്കുമോ എന്ന ഭയമാണ് ഇപ്പോൾ ഉയരുന്നത്.
ഹിജാബിൻ്റെ രാഷ്ട്രീയം
പലപ്പോഴും പല രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കിയ വിഷയമാണ് ഹിജാബ്. ഇറാനിൽ അത് ധരിക്കേണ്ടെന്ന് തീരുമാനിച്ച സ്ത്രീകളാണ് ആക്രമിക്കപ്പെടുന്നതെങ്കിൽ ഇന്ത്യയിൽ ഹിജാബ് ധരിക്കാനായുള്ള പോരാട്ടം നടക്കുകയാണ്. ഫ്രാൻസാകട്ടെ പാരീസ് ഒളിംപിക്സിൽ ഹിജാബ് ധരിച്ച് വരുന്നവരെ വിലക്കിയിരിക്കുകയാണ്. മതപരമായി മാത്രം കാണേണ്ട ഒന്നല്ല ഹിജാബ്. സ്ത്രീ എന്ത് ധരിക്കണമെന്ന് പുരുഷാധിപത്യ ലോകവും, ഭരണകൂടവും തീരുമാനിക്കുമ്പോൾ ഹനിക്കപ്പെടുന്ന വസ്ത്രസ്വാതന്ത്ര്യത്തിൻ്റെ രാഷ്ട്രീയം കൂടിയാണ് ഹിജാബിന് പറയാനുള്ളത്.
പർദയാവട്ടെ ജീൻസാവട്ടെ ബിക്കിനിയാവട്ടെ, എന്ത് എങ്ങനെ ധരിക്കണമെന്നത് ഒരോരുത്തരുടെയും വ്യക്തഗത തീരുമാനമാണ്. അവിടെ വിലങ്ങുകൾ വീഴുമ്പോഴാണ് സംഘർഷങ്ങൾ ഉടലെടുക്കുന്നത്. ഹിജാബ് നിർബന്ധമാക്കിയ ഇറാനിലെയും, നിരോധിക്കുന്ന ഇന്ത്യയിലെയും ഫ്രാൻസിലെയും സാഹചര്യങ്ങൾ സമാനമാണെന്ന് തന്നെ പറയാം. വസ്ത്രധാരണത്തിൽ, വ്യക്തിസ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടാൻ ആരംഭിച്ചതോടെ സ്ത്രീകൾക്ക് പോരാടാനിറങ്ങേണ്ടി വരികയായിരുന്നു. പക്ഷേ ഇറാനിലെ കാര്യത്തിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് ഇസ്ലാമിലെ അടിച്ചമർത്തലിൻ്റെ കഥയാണ്. അവിടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സംസാരിക്കാൻ പലരും മറക്കുന്നു.
മെഹ്സ അമിനിയുടെ വാർത്ത ഇന്ത്യക്കുള്ളിൽ എങ്ങനെ ചർച്ച ചെയ്തെന്നത് പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. ഇസ്ലാമിലെ അടിച്ചമർത്തലിനെതിരെ പോരാടി മരിച്ച യുവതി. ഇതായിരുന്നു മെഹ്സ അമിനിക്ക് രാജ്യം അല്ലെങ്കിൽ ലോകം നൽകിയ വിശേഷണം. ഇറാനിലെ ഹിജാബ് വിരുദ്ധ പോരാട്ടത്തെ പലരും വീക്ഷിക്കുന്നത് മതപരമായും പ്രത്യയശാസ്ത്രപരമായുമാണെന്നത് ഇതോടെ വ്യക്തമാണ്.
അടിച്ചമർത്തലിൻ്റെ അടയാളമെന്ന് പലരും വിശേഷിപ്പിക്കുന്ന ആ ഹിജാബ് ധരിക്കേണ്ടെന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടം, എന്നാൽ സ്ത്രീക്ക് ധരിക്കാൻ ഇഷ്ടമുള്ള എന്തിനെയും പിന്തുണക്കുന്നില്ലെന്നതാണ് മറ്റൊരു വിരോധാഭാസം. അടിവസ്ത്രം ധരിച്ച് പ്രതിഷേധിക്കാനിറങ്ങിയ പെൺകുട്ടിയുടെ കുറിച്ചുള്ള കമൻ്റുകൾ ശ്രദ്ധിച്ചാൽ തന്നെ അത് വ്യക്തമാവും. അവൾ എന്തിനാണ് അടിവസ്ത്രമിട്ട് തെരുവിലറങ്ങിയത്, ഇത് മാന്യതയില്ലാത്ത പ്രതിഷേധമാണെന്നായിരുന്നു ഒരു കൂട്ടരുടെ പക്ഷം. ഇസ്ലാമിക് ഭരണത്തിൻ്റെ ഇരയാണ് ഈ പെൺകുട്ടിയെന്ന കമൻ്റുകൾ വേറെയുമുണ്ട്.
എന്നാൽ അവിടെ ഭരണകൂടമേർപ്പെടുത്തിയ ചട്ടക്കൂടിനുള്ളിൽ നിന്ന് പോരാടുന്ന ആ വിദ്യാർഥിയും, സ്കൂളിൽ ശിരോവസ്ത്രമണിയരുതെന്ന് പറഞ്ഞ് കർണാടക സർക്കാർ ഒരുക്കിയ ചട്ടക്കൂടിനെതിരെ പോരാടിയ വിദ്യാർഥികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നതാണ് സത്യം. ഹിജാബെന്ന വസ്ത്രം മാത്രം നിരോധിക്കുന്ന ഫ്രാൻസും ഇന്ത്യയും വിരൽ ചൂണ്ടുന്നത് ഇസ്ലാമോഫോബിയ എന്ന അസുഖത്തിലേക്ക് മാത്രമാണെന്നതിൽ സംശയമില്ല.
ഇറാനിലെ ഹിജാബ് പോരാട്ടങ്ങൾ
2022 സെപ്തംബർ 16നായിരുന്നു 22കാരിയായ മെഹ്സ അമിനി, ഗര്‍ഷ്ത്-ഇ-ഇര്‍ഷാദ് എന്ന സദാചാര പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് കൊലചെയ്യപ്പെടുന്നത്. ഇറാനിയൻ സർക്കാർ നിർബന്ധമാക്കിയിരുന്ന ഹിജാബ് ശരിയായി ധരിച്ചിരുന്നില്ലെന്നതാണ് മഹ്സ അമിനി ചെയ്ത കുറ്റം. പിന്നാലെ ഇറാനിലെ സ്ത്രീസമൂഹം വലിയ പ്രക്ഷോഭമാരംഭിച്ചു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ഇറാനിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ പ്രക്ഷോഭമായിരുന്നു അത്. തെരുവിൽ പല സ്ത്രീകളും ഹിജാബുകൾ വലിച്ചെറിഞ്ഞു, തീയിട്ടു. മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസിയായ എച്ച്ആർഎഎൻഎയുടെ കണക്കനുസരിച്ച് 500ലധികം ആളുകളാണ് പ്രതിഷേധത്തിൽ മരിച്ചുവീണത്.
കലാപം എന്നായിരുന്നു ഇറാൻ ഭരണകൂടം ഇതിനെ വിശേഷിപ്പിച്ചത്. പ്രക്ഷോഭത്തിൻ്റെ ഫലമായി ഇറാനിലെ മത പൊലീസ് സംവിധാനം നിര്‍ത്തലാക്കാന്‍ സർക്കാർ നിർബന്ധിതരായി. എന്നാൽ ഈ വർഷം വീണ്ടും സ്ത്രീകളുടെ ഈ 'ഡ്രെസ് കോഡ്' ഉറപ്പാക്കാൻ പൊലീസ് സേനയെ വിന്യസിക്കുകയായിരുന്നു.
മെഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു ഇറാൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റായ മസൂദ് പെസെഷ്‌കിയാൻ. ഹിജാബുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മസൂദ് പെസെഷ്‌കിയാൻ വാഗ്ദാനം ചെയ്തിങ്കിലും ഇറാൻ്റെ ആത്യന്തിക അധികാരം ആയത്തുള്ള അലി ഖമേനിക്കാണ്. ഭരണകൂടത്തിൻ്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നിരവധി സ്ത്രീകൾ ഹിജാബ് ധരിക്കാതെ പ്രതിഷേധിക്കുന്നുണ്ടെങ്കിൽ പോലും ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ അറസ്റ്റ് നടപടിയുൾപ്പെടെ ആശങ്കാജനകമാണ്.