പാതിവില തട്ടിപ്പു കേസിൽ ആനന്ദകുമാർ കസ്റ്റഡിയിൽ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാർഡിയോളജി വിഭാഗം ഐസിയുവിലാണ് ആനന്ദ്കുമാറിനെ അഡ്മിറ്റ് ചെയ്തത്
പാതിവില തട്ടിപ്പു കേസിൽ ആനന്ദകുമാർ കസ്റ്റഡിയിൽ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Published on


പാതിവില തട്ടിപ്പു കേസിലെ പ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ കസ്റ്റഡിയിൽ. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളിയതിന് തൊട്ട് പിന്നാലെയാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ശാസ്തമംഗലത്തെ വീട്ടിൽ നിന്നാണ് ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.

ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാർഡിയോളജി വിഭാഗം ഐസിയുവിലാണ് ആനന്ദ്കുമാറിനെ അഡ്മിറ്റ് ചെയ്തത്. ആശുപത്രി വിടുന്നതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാറിനെ പ്രതി ചേര്‍ത്തിരുന്നു. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല പണം വാങ്ങിയതെന്നും, സായി ട്രസ്റ്റിനായാണ് പണം സ്വീകരിച്ചതെന്നുമാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ ആനന്ദകുമാർ കോടതിയെ അറിയിച്ചത്. എന്നാൽ തട്ടിപ്പിൽ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ആനന്ദകുമാറിൻ്റെ വീട്ടിലും , സായി ട്രസ്റ്റിൻ്റെ ഓഫീസിലും ഉൾപെടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com