'ലാലേട്ടൻ്റെ ആ സിനിമയിലെ വീട് എന്റെ സ്വപ്‌നമായിരുന്നു' എസ് ഐ എന്ന നേട്ടത്തിന് പിന്നാലെ സ്വപ്‍ന ഭവനം പൂർത്തിയാക്കിയതിൻ്റെ സന്തോഷത്തിൽ ആനി ശിവ

വീട്ടുകാരും ഭർത്താവും ഉപേക്ഷിച്ച് വീട് വിട്ട് ഇറങ്ങുമ്പോൾ വെറും ഇരുപത് വയസുമാത്രമായിരുന്നു അവരുടെ പ്രായം
'ലാലേട്ടൻ്റെ ആ സിനിമയിലെ വീട് എന്റെ സ്വപ്‌നമായിരുന്നു' എസ് ഐ എന്ന നേട്ടത്തിന് പിന്നാലെ സ്വപ്‍ന ഭവനം പൂർത്തിയാക്കിയതിൻ്റെ സന്തോഷത്തിൽ ആനി ശിവ
Published on


പെൺകരുത്തിന്റെ മറുവാക്കായി മാറിയ അനവധി സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. വ്യവസ്ഥാപിതമായ സാമൂഹ്യ ചുറ്റുപാടുകളോട് ഒറ്റയ്ക്ക് പൊരുതി ജീവിതത്തിൽ വിജയം കൈവരിച്ച ആനി ശിവ എന്നും ആത്മവിശ്വാസത്തിന്റെ മറുവാക്കാണ്. വീട്ടുകാരും ഭർത്താവും ഉപേക്ഷിച്ച് വീട് വിട്ട് ഇറങ്ങുമ്പോൾ വെറും ഇരുപത് വയസുമാത്രമായിരുന്നു അവരുടെ പ്രായം. പിന്നീടുള്ള പത്തുവർഷങ്ങൾ ആനിക്ക് ഉറക്കമില്ലാതെ പ്രവർത്തിക്കേണ്ടതായിരുന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും എസ് ഐ ആയി മാറിയ കഥ നമുക്ക് സുപരിചിതമാണ്. ഇപ്പോഴിതാ തന്റെ സ്വപ്ന ഭവനം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് ആനി ശിവ. കാലങ്ങളായി തൻ മനസ്സിൽ കൊണ്ട് നടന്ന സ്വപനം പൂർത്തിയാക്കിയതിന്റെ രസകരമായ കുറിപ്പും ഫേസ്ബുക്കിൽ ആനി ശിവ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:

--- നഭസ്സ് --
മണ്ണിൻ്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട് ; ഇതായിരുന്നു എൻ്റെ സങ്കല്പത്തിലെ വീട്.. 🏘️
2004 ൽ ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ്
ലാലേട്ടൻ്റെ വിസ്മയത്തുമ്പത് സിനിമ
തിയറ്ററിൽ പോയി കാണുന്നത്,
സിനിമ കണ്ട് കഴിഞ്ഞു വന്നിട്ടും
മനസിൻ്റെ വേരുകളിൽ ഉടക്കിയത്
' നഭസ്സ് 'എന്ന പേരും
കായലോര വീടും ആയിരുന്നു..
വർഷങ്ങൾക്കിപ്പുറം ' വീട് ' എന്നൊരു ചിന്ത
മനസ്സിൽ വന്നപ്പോൾ തന്നെ
ബ്രോക്കർമാരോട് ഞാൻ പറഞ്ഞ
നീണ്ട ഡിമാൻ്റുകളിൽ ചിലത്
കായലോരം ആയിരിക്കണം,
പത്ത് സെൻ്റ് എങ്കിലും വേണം,
ഗ്രാമീണ അന്തരീക്ഷം വേണം,
മെയിൻ റോഡ് സൈഡ് പാടില്ല,
വാഹനങ്ങളുടെ ബഹളം പാടില്ല,
കാർ കയറണം,
30 ലക്ഷത്തിന് മുകളിൽ പോകരുത്
എന്നൊക്കെ ആയിരുന്നു..😆😆


പലരുടെയും പരിഹാസങ്ങൾ നിറഞ്ഞ ഡയലോഗുകൾക്കൊടുവിൽ
എൻ്റെ ഡിമാൻ്റുകൾ എല്ലാം അംഗീകരിച്ചുകൊണ്ട്
' അവൾ '
ആ കായലോരത്ത്
എൻ്റെ വരവും കാത്ത് കിടപ്പുണ്ടായിരുന്നു..
എൻ്റെ വരവിന് ശേഷം ഞാൻ ' അവൾക്ക് ' പുതുജീവനേകി..
എൻ്റെ ഇഷ്ടങ്ങൾ ' അവളുടെയും ' ഇഷ്ടങ്ങളായി..
എൻ്റിഷ്ടങ്ങളുടെ കാടൊരുക്കാൻ തുടങ്ങിയപ്പോൾ
' അവളും ' എന്നോടൊപ്പം സന്തോഷത്തോടെ നിന്നു..
വീട് പണി തുടങ്ങി, കഴിഞ്ഞ മാസം അധികം ആരെയും അറിയിക്കാതെ വീട് കയറൽ ചടങ്ങ് നടത്തി താമസം തുടങ്ങിയ ദിവസം വരെ എന്നെ ഈ വീട് പണിയിൽ നേരിട്ടും അല്ലാതെയും സഹായിച്ച ഈ ലോകത്തിലെ പല കോണുകളിൽ ഉള്ള സുഹൃത്തുക്കളെ ഞാൻ സ്നേഹത്തോടെ സ്മരിക്കുന്നു.. ❤️
ദ ആൽക്കെമിസ്റ്റിൽ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ "ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ജീവിതത്തെ രസകരമാക്കുന്നത്."
അങ്ങനെ എൻ്റെ ഈ സ്വപ്നവും
രസകരമായി സാക്ഷാത്കരിച്ചു..


വീടിനുള്ളിൽ പുസ്തകങ്ങൾ കൊണ്ടും
വീടിനു പുറത്ത് പച്ചപ്പ് കൊണ്ടും
കാടൊരുക്കുകയാണ്..
ഒരു പുസ്തകമോ
ഒരു ചെടിയോ എനിക്കായി കരുതാം..
കായൽ കാറ്റേറ്റ്
ചൂട് കട്ടൻചായ
ഊതിയൂതി കുടിച്ച്
ഇച്ചിരി നേരം
സൊറ പറഞ്ഞിരിക്കാം..
വിളിച്ചിട്ട് വന്നോളൂ.. ☺️

NB : വീട് വയ്ക്കുക എന്ന് പറയുന്നത് സാമ്പത്തികമായും മാനസികമായും അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല പ്രത്യേകിച്ച് ആരുടെയും കൈതാങ്ങില്ലാതെ ഒരു പെണ്ണ് ഒറ്റയ്ക്ക് ഇതിന് ഇറങ്ങി പുറപ്പെടുമ്പോൾ.. ഒറ്റയ്ക്ക് വീട് വയ്ക്കാൻ തീരുമാനിക്കുന്നവർ എന്ത് റിസ്കും ഒറ്റയ്ക്ക് ഏറ്റെടുക്കാൻ മനസിനെ ആദ്യമേ റെഡി ആക്കി എടുക്കണം.. വിജയം മാത്രമേ മറ്റുള്ളവർ ആഘോഷിക്കൂ വീഴ്ചകളും റിസ്‌കും ഒറ്റയ്ക്ക് തന്നെ ഏറ്റെടുക്കേണ്ടി വരും.. 💪🏻
എൻ്റെ അഭാവത്തിൽ വീട് പണിയുടെ ചുമതല മുഴുവൻ നോക്കിയത് 15 വയസായ എൻ്റെ മകൻ ചൂയിക്കുട്ടൻ ആയിരുന്നു..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com