
പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. കട ബാധ്യതയെത്തുടര്‍ന്ന് മലമ്പുഴ സ്വദേശി പി കെ വിജയന്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കില്‍ നിന്നായി വിജയന്‍ 10 ലക്ഷം രൂപ കടമെടുത്തിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വിജയനെ വീടുനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. രാവിലെ പശുവിനെ കറക്കാന്‍ ഭാര്യ സരസു തൊഴുത്തിലേക്ക് പോയ സമയത്താണ് വീടിന് പുറത്തിറങ്ങിയ വിജയന്‍ പാവല്‍ കൃഷിയ്ക്ക് ഉപയോഗിക്കുന്ന കീടനാശിനി എടുത്ത് കഴിച്ചത്. വിഷം കഴിച്ച വിവരം വിജയന്‍ തന്നെയാണ് ഭാര്യയെ അറിയിച്ചത്. അവശനിലയിലായ വിജയനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.