കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വിദേശ താരം കൂടി; മധ്യനിരയ്ക്ക് ശക്തിപകരാന്‍ ദൂസാൻ ലഗാറ്റോർ

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബിനൊപ്പം ചേരാനായതിൽ അത്യധികം സന്തോഷമുണ്ടെന്നായിരുന്നു ദൂസാൻ ലഗാറ്റോറിന്റെ പ്രതികരണം
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്  ഒരു വിദേശ താരം കൂടി; മധ്യനിരയ്ക്ക് ശക്തിപകരാന്‍ ദൂസാൻ ലഗാറ്റോർ
Published on

മോണ്ടിനെഗ്രിൻ പ്രതിരോധ മിഡ്ഫീൽഡർ ദൂസാൻ ലഗാറ്റോറർ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിൽ. 2026 മെയ് വരെയുള്ള കരാറാണ് താരം ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്. അണ്ടർ 19, അണ്ടർ 21, സീനിയർ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തും ഈ 30 വയസ്സുകാരനുണ്ട്. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം താരം ഉടൻ ചേരും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബിനൊപ്പം ചേരാനായതിൽ അത്യധികം സന്തോഷമുണ്ടെന്നായിരുന്നു ദൂസാൻ ലഗാറ്റോറിന്റെ പ്രതികരണം. ക്ലബ് മുന്നോട്ട് വയ്ക്കുന്ന പ്രോജക്ടുകളും ദീർഘവീക്ഷണവും പ്രതീക്ഷ നല്കുന്നതാണ്. കരിയറിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

മധ്യനിര നിയന്ത്രിക്കുന്നതിലെ ദൂസാന്റെ മികവ് ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാൻ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011-ൽ മോണ്ടെനെഗ്രൻ ക്ലബായ എഫ്.കെ മോഗ്രനിലൂടെയാണ് ദൂസാൻ ലഗാറ്റോറർ പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്. 10 ഗോളുകളാണ് കരിയറിൽ നേടിയിട്ടുള്ളത്. പ്രതിരോധനിരയിലെ മികച്ച പ്രകടനം, ടാക്ടിക്കൽ അവയർനെസ്സ്, ഏരിയൽ എബിലിറ്റി എന്നിവ കണക്കിലെടുത്താണ് ബ്ലാസ്റ്റേഴ്സ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com