
എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. കൊല്ലം - എറണാകുളം മെമു ട്രെയിനിൻ്റെ സ്വീകരണത്തിനിടെയായിരുന്നു പെരിനാട് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം ഉണ്ടായത്. ഹിന്ദുവിരുദ്ധ പരാമർശം ആരോപിച്ചും, മെമു ട്രെയിനിനായി എംപി ഒന്നും ചെയ്തില്ലെന്നും പറഞ്ഞുമായിരുന്നു പ്രതിഷേധം. ട്രെയിൻ അനുവദിച്ച മോദി സർക്കാരിന് അഭിവാദ്യമെന്നും ബിജെപി ആരോപിച്ചു.
പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച നടപടി ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണെന്ന് കഴിഞ്ഞ ദിവസം എന്‍.കെ. പ്രേമചന്ദ്രന് എംപി ആരോപിച്ചിരുന്നു. വാദം വിചിത്രവും ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണെന്ന് ആരോപിച്ച് പ്രേമചന്ദ്രൻ്റെ പരാമർശത്തിനെതിരെ ബിജെപി വലിയ തോതിൽ പ്രതിഷേധിച്ചിരുന്നു.
പുതുതായി അനുവദിച്ച കൊല്ലം എറണാകുളം മെമുവിന് എല്ലാ റെയിൽവെ സ്റ്റേഷനിലും വലിയ സ്വീകരണം ലഭിച്ചു. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചത്. യാത്രക്കാർക്കൊപ്പം എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രനും, കൊടിക്കുന്നിൽ സുരേഷും യാത്ര ചെയ്തു.