'ഉറുമ്പിനോണം'; മാവേലിക്കൊപ്പം എത്തുന്ന പാതാളവാസികള്‍ക്ക് തൂശനിലയില്‍ സദ്യ

സമസ്ത ജീവജാലങ്ങളേയും സമഭാവനയോടെ കാണുന്നുവെന്നതാണ് ഓണസങ്കല്‍പ്പത്തിൻ്റെ സൗന്ദര്യം
'ഉറുമ്പിനോണം'; മാവേലിക്കൊപ്പം എത്തുന്ന പാതാളവാസികള്‍ക്ക് തൂശനിലയില്‍ സദ്യ
Published on

കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരവധി ഐതിഹ്യങ്ങളും ആചാരങ്ങളും പ്രചാരത്തിലുണ്ട്. അത്തരത്തിലൊന്നാണ് 'ഉറുമ്പിനോണം'. സമസ്ത ജീവജാലങ്ങളേയും സമഭാവനയോടെ കാണുന്നുവെന്നതാണ് ഓണസങ്കല്‍പ്പത്തിലെ മുഖ്യ ആകര്‍ഷണം.

ഓണവും ഓണസദ്യയും നമുക്ക് മാത്രമല്ല എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധവും ഈ കാഴ്ചപ്പാടുകളിലുണ്ട്. ആ കാഴ്ച്ചപ്പാടില്‍ നിന്നാകണം ഉറുമ്പിനോണം എന്ന സങ്കല്‍പ്പവും ഉരുത്തിരിഞ്ഞത്.

തിരുവോണ ദിവസം വൈകിട്ടാണ് ഉറുമ്പിനോണം. തൂശനിലയില്‍ അരി വറുത്ത് തേങ്ങ ചിരകിയതും ശര്‍ക്കരയും കൂട്ടിക്കുഴച്ച് വിളമ്പി വീടിന്റെ നാലു ഭാഗത്തും ഉറുമ്പുകള്‍ക്ക് കഴിക്കാനായി നല്‍കും. തിരുവോണത്തിന് മഹാബലിക്കൊപ്പം പാതാളവാസികളായ ഉറുമ്പുകളുമെത്തുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്. ഉത്തര മലബാറിലും കുട്ടനാട്ടിലും കോട്ടയത്തുമെല്ലാം ഈ ചടങ്ങുണ്ട്. ചിരട്ടയില്‍ അരിമാവ് കലക്കിയാണ് ചിലയിടത്ത് ചടങ്ങ് നടത്തുന്നത്. കൂടാതെ, അരിമാവ് കൊണ്ട് അത്തപ്പൂക്കളമിട്ടും ഉറുമ്പിന് സദ്യ നല്‍കാറുണ്ട്. ഉറുമ്പുകള്‍ക്കായി അരിമാവില്‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുണ്ട്.

മധ്യ തിരുവിതാംകൂറില്‍ വീട്ടിലുള്ള പല്ലികള്‍ക്കാണെന്നാണ് സങ്കല്‍പ്പം. പല്ലികള്‍ക്കായി ഭിത്തിയില്‍ അരിമാവ് കോലവും വരയ്ക്കും. തെക്കന്‍ തിരുവിതാംകൂറില്‍ ഓണത്തിന് കന്നുകാലികളെ പൂജിക്കുന്ന ചടങ്ങുണ്ടാകാറുണ്ട്. കാലികളെ എണ്ണ തേച്ച് കുളിപ്പിച്ച് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം കൊണ്ട് പൊട്ട് തൊടുവിക്കും. അന്ന് കാലികള്‍ക്ക് പൂര്‍ണവിശ്രമമാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com