
ജെവിപി നേതാവ് അനുര കുമാര ദിസനായകെ വിജയിച്ചതായി ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒദ്യോഗികമായി പ്രഖ്യാപിച്ചു. 42.31 ശതമാനം വോട്ടുകൾ നേടിയാണ് ദിസനായകെയുടെ ചരിത്രവിജയം.
നൂറ്റാണ്ടുകളായി നാം വളർത്തിയെടുത്ത സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാകുന്നു എന്നായിരുന്നു അനുര കുമാര ദിസനായകെയുടെ ആദ്യ പ്രതികരണം. ശ്രീലങ്ക ചുവന്നുതുടുത്തിരിക്കുന്നു, ദ്വീപ് രാഷ്ട്രത്തിന് ഇനി മാർക്സിസ്റ്റ് പ്രസിഡൻ്റ് . ശ്രീലങ്കയുടെ സമീപകാല രാഷ്ട്രീയ ചരിത്രം പോലെ തന്നെ അനിശ്ചിതത്വം നിറഞ്ഞതും അപ്രതീക്ഷിതവുമായിരുന്നു പ്രസിഡൻ്റ് തെരഞ്ഞെടുപ്പും. ഒരു തവണ പോലും ശ്രീലങ്കൻ ഭരണനേതൃത്വത്തിൽ എത്തിയിട്ടില്ലാത്ത ഒരു കക്ഷി, ജനതാ വിമുക്തി പെരുമന ശ്രീലങ്കൻ ഭരണം കയ്യാളാനൊരുങ്ങുന്നു. അതും മാർക്സിസം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഒരു പാർട്ടി.
ആകെ 38 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത്. വിജയിക്കാൻ വേണ്ട അമ്പത് ശതമാനത്തിലധികം വോട്ട് നേടാൻ ആർക്കുമായില്ല. ഇതോടെ ഏറ്റവും മുന്നിലെത്തിയ രണ്ട് പേരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ പ്രിഫറൻസ് വോട്ടുകൾ എണ്ണി. രണ്ടാം ഘട്ട വോട്ടെണ്ണലും ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായിരുന്നു. നിലവിലെ പ്രതിപക്ഷ നേതാവും 30 കൊല്ലം മുമ്പ് ശ്രീലങ്കൻ പ്രസിഡന്റ് പദവിയിലിരിക്കെ കൊല്ലപ്പെട്ട രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസ ആയിരുന്നു രണ്ടാം ഘട്ടത്തിൽ ദിസനായകെയുടെ എതിരാളി.നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്ത് ബഹുദൂരം പിന്നിലായി നേരത്തേ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു. പ്രിഫറൻസ് വോട്ടുകൾ അനുകൂലമായതോടെയാണ് ദിസനായകെ വിജയമുറപ്പിച്ചത്. 42.31 ശതമാനം വോട്ടുകൾ ദിസനായകെ നേടി.
രജപക്സെ ഭരണത്തിനെതിരെ കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന ജനകീയ മുന്നേറ്റം 'ജനത അരഗളായ' എന്നാണ് അറിയപ്പെടുന്നത്. 1948ലെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിൽ ദിസനായകെയുടെ ജനതാ വിമുക്തി പെരുമന വലിയ പങ്ക് വഹിച്ചിരുന്നു. പ്രക്ഷോഭത്തിന് ശേഷവും സമരപരിപാടികളിലൂടെ ജെവിപി ശ്രീലങ്കൻ വോട്ടർമാരെ സ്വാധീനിച്ചു. ഫ്രീഡം പാർട്ടിയും യുണൈറ്റഡ് നാഷണൽ പാർട്ടിയും മാറിമാറി ഭരണം കയ്യാളിയിരുന്ന ശ്രീലങ്ക അങ്ങനെ ചരിത്രപരമായ മറ്റൊരു പരിവർത്തനത്തിന് സാക്ഷിയാവുകയാണ്. ചൈനയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനുര കുമാര ദിസനായകെ ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിക്കുന്ന നേതാവാണ്.