
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ മുസ്ലീം ലീഗിനോട് വിശദീകരിച്ച് തൃണമൂൽ കോൺഗ്രസ് കൺവീനർ പി.വി. അൻവർ. നിലവിലെ സാഹചര്യം മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുമായി നടന്നത് വ്യക്തിപരമായുള്ള കൂടിക്കാഴ്ചയാണെന്ന് പറഞ്ഞ അൻവർ നിലമ്പൂരിലെ മത്സരകാര്യം പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി.
മുസ്ലീം ലീഗിനെ സംബന്ധിച്ച് തൃണമൂലും വ്യക്തിപരമായി താനും എടുത്ത തീരുമാനങ്ങളോട് സൗഹാർദപരമായ നിലപാടാണെന്ന് പി.വി. അൻവർ വ്യക്തമാക്കി. കോൺഗ്രസിന്റെ സീറ്റിന്റെ കാര്യം തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കുഞ്ഞാലിക്കുട്ടി തന്ന പിന്തുണയ്ക്ക് എന്നും കടപ്പെട്ടിരിക്കുന്നു. ആ പാർട്ടിയും തങ്ങൾ കുടുംബവും തന്റെ രാഷ്ട്രീയ നിലപാടുകളോട് അനുഭാവപൂർവമാണ് പ്രതികരിച്ചതെന്നും അൻവർ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അറിയാം. അദ്ദേഹം അത് കൃത്യമായി ഗണിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ആളാണ്. കോൺഗ്രസ് നേതൃത്വത്തിൽ സൗഹൃദമുള്ളവർ പണ്ടും ഇന്നും ബന്ധപ്പെടുന്നുണ്ട്. എന്നാൽ അത് രാഷ്ട്രീയപരമാണെന്ന് പറയാനാകില്ലെന്നും തൃണമൂൽ കൺവീനർ കൂട്ടിച്ചേർത്തു.
പി.വി. അൻവർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. നിലമ്പൂരിന് പകരം തിരുവമ്പാടി സീറ്റ് വേണമെന്ന് പി.വി. അൻവർ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ തിരുവമ്പാടി സീറ്റിൽ മത്സരിക്കുന്നത് ലീഗാണ്. യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ തിരുവമ്പാടി സീറ്റിൽ ഉറപ്പ് വേണമെന്ന് അൻവറുടെ ആവശ്യപ്പെട്ടതായാണ് സൂചന.
യുഡിഎഫിന്റെ പൂർണ ഘടകകക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. അൻവർ മത്സരിച്ചാൽ ജയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ.എ. സുകു മാധ്യമങ്ങളെ അറിയിച്ചത്. കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് നൽകിയതിനാലാണ്. രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് മുന്നണിയിലേക്ക് എടുത്തില്ലെങ്കിൽ മത്സരിക്കുമെന്നാണ് തൃണമൂൽ അറിയിച്ചിരിക്കുന്നത്.