fbwpx
ലഭിച്ചത് വെറും 3920 വോട്ടുകള്‍! ചേലക്കരയിൽ അടിതെറ്റി അൻവറിന്റെ ഡിഎംകെ
logo

Last Updated : 23 Nov, 2024 11:38 PM

കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍. കെ. സുധീര്‍ ആണ് ഡിഎംകെയുടെ മുഖമായി രംഗത്തെത്തിയത്

KERALA BYPOLL


വലിയ കോലാഹലങ്ങൾക്കൊടുവിലാണ് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെതിരെയും മറ്റും അൻവർ ഉന്നയിച്ച പല കാര്യങ്ങളും വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ചേലക്കരയിൽ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. കെപിസിസി മുന്‍ സെക്രട്ടറിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍. കെ. സുധീര്‍ ആണ് ഡിഎംകെയുടെ മുഖമായി രംഗത്തെത്തിയത്.


ALSO READ: കൈനിറഞ്ഞ് യുഡിഎഫ്, ആശ്വാസ ജയവുമായി എൽഡിഎഫ്, നിരാശയോടെ ബിജെപി; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുന്നണികൾ


കോൺഗ്രസിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു അൻവറിന്റെ കണക്കുകൂട്ടൽ. മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ചേലക്കരയിലെ യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും വോട്ട് വിഹിതം ഗണ്യമായി കുറയ്ക്കാമെന്ന പ്രതീക്ഷയും അൻവറിനുണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ പാളി. ശക്തിപ്രകടനം മോഹിച്ച തെരഞ്ഞെടുപ്പ് ഗോദയിൽ അൻവറിന്റെ ഡിഎംകെയ്ക്ക് അടിതെറ്റി. ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ചേലക്കരയിൽ അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിക്ക് നേടാനായത് വെറും 3920 വോട്ടുകള്‍ മാത്രമാണ്.



വെട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വ്യക്തമായ ലീഡ് നേടിയാണ് ഇടത് സ്ഥാനാർഥി യു.ആര്‍. പ്രദീപ് കോട്ട കാത്തത്. 28 വർഷമായി ഇടതിനൊപ്പം നിന്ന ചേലക്കര ഇത്തവണയും പത്തരമാറ്റോടെ പ്രദീപിനെ വിജയിപ്പിച്ചു. ആലത്തൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ വന്ന വലത് സ്ഥാനാർഥി രമ്യ ഹരിദാസിനെ ചേലക്കരക്കാർ വീണ്ടും തോൽപ്പിച്ചെങ്കിലും, രമ്യയ്ക്ക് പോലും വെല്ലുവിളിയാകാൻ അൻവറിന്റെ ഡിഎംകെയ്ക്ക് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വന്നമുതൽ രമ്യക്കെതിരെയായിരുന്നു അൻവർ.


കോൺഗ്രസിനുള്ള അൻവറിന്റെ ഉപാധി


ചേലക്കരയിലെ സ്ഥാനാർഥിയെ യുഡിഎഫ് പോലും തള്ളിപ്പറഞ്ഞുവെന്നും, ചേലക്കരയിൽ നിന്ന് രമ്യയെ പിൻവലിച്ചാൽ പാലക്കാടുള്ള ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കാം എന്നായിരുന്നു അൻവർ കോൺഗ്രസിന് മുന്നിലേക്ക് വച്ച ഡീൽ. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവ് കൂടിയായ എൻ.കെ. സുധീരിന് ചെറിയ വോട്ടു വ്യത്യാസം പോലും മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയുമോ എന്ന ആശങ്ക ഇടതിനും വലതിനും ഉണ്ടായിരുന്നെങ്കിൽ കൂടിയും ചേലക്കരയിലെ സ്ഥാനാർഥിയെ മാറ്റണമെന്ന അൻവറിന്റെ ഉപാധി കോൺഗ്രസ് നേതൃത്വം പാടെ തള്ളുകയായിരുന്നു.



പിന്നീട്, പ്രചരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പാലക്കാട്ടെ പാർട്ടി സ്ഥാനാർഥിയെ അൻവർ പിൻവലിക്കുകയും കോൺഗ്രസിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. പ്രതിപക്ഷനേതാവ് അപമാനിച്ചെങ്കിലും പാലക്കാട് ബിജെപിയെ തോൽപ്പിക്കുകയാണ് പ്രധാനമെന്നും അതിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു അൻവറിന്റെ ഭാഗം. ജീവകാരുണ്യ പ്രവർത്തകനായ മിന്‍ഹാജ് മെദാര്‍ ആയിരുന്നു പാലക്കാട് ഡിഎംകെയുടെ സ്ഥാനാർഥി. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞതുകൊണ്ടു തന്നെ വയനാട്ടിലും അൻവർ പിന്തുണ നൽകിയത് പ്രിയങ്ക ഗാന്ധിക്കാണ്. അതേസമയം ചേലക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അൻവർ നിലപാടെടുത്തു.


ഇടതിനെതിരെയുള്ള അൻവർ അമ്പുകൾ


ഇടത് സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിച്ച് വിജയിച്ച അൻവർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇടതിനെതിരായ പടയൊരുക്കം തുടങ്ങിയിരുന്നു. എഡിജിപി അജിത് കുമാറിനെതിരെയും സംസ്ഥാന പൊലീസ് സേനയ്‌ക്കെതിരെയുമാണ് അൻവർ ആദ്യം വാളെടുത്തത്. പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും അൻവർ കലാപക്കൊടി ഉയര്‍ത്തി. പി.പി. ദിവ്യ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങി സിപിഎം നേതാക്കൾക്കും പാർട്ടിക്കെതിരെയും അൻവർ നിരന്തരം ആരോപണങ്ങൾ അഴിച്ചു വിട്ടു. ഇതോടെ അന്‍വറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച സിപിഎം അദ്ദേഹത്തെ തള്ളിപ്പറയുകയും ചെയ്തു.


ഡിഎംകെ രാഷ്ട്രീയഭാവി ഇനിയെന്ത്


ആദ്യ ഘട്ടങ്ങളിലെല്ലാം തന്നെ അൻവറിന്റെ നിലപാടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ പോരാട്ടങ്ങൾക്കൊടുവിൽ കേരള രാഷ്ട്രീയത്തിൽ ചെറുതല്ലാത്തൊരു സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന് തന്നെയായിരുന്നു അൻവറിന്റെ പ്രതീക്ഷ. അതിനുവേണ്ടി തന്നെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ചേലക്കരയിലും പാലക്കാടും അൻവർ ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും. കരുനീക്കങ്ങളുടെ ഭാഗമായി പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ചെങ്കിലും, ചേലക്കരയിലും സുധീരിലും ഡിഎംകെ പുലർത്തിയ പ്രതീക്ഷ ചെറുതായിരുന്നില്ല. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ ആഗ്രഹിച്ച സുധീർ അത് നടക്കാതെ വന്നതോടെയാണ് അൻവറുമായി യോജിച്ചത്.


ALSO READ: പാലക്കാട് ജയിച്ചത് സരിന്‍ പറഞ്ഞ 'കോക്കസ്'; അപ്രതീക്ഷിത പ്രഹരത്തിന്റെ നടുക്കത്തില്‍ ബിജെപി


പാലക്കാട് സ്ഥാനാർഥിയെ ഡിഎംകെ പിൻവലിച്ചതോടെ ശ്രദ്ധാകേന്ദ്രം സുധീരിലേക്ക് മാറി. എന്നാൽ ചേലക്കരയിൽ ഒരടിയൊഴുക്കും സംഭവിച്ചില്ല എന്ന് മാത്രമല്ല അൻവറിനെയും ഡിഎംകെയെയും മണ്ഡലം പാടെ തള്ളുകയും ചെയ്തു. അതായത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇടതുമുന്നണി വിട്ട അന്‍വറിന്റെ രാഷ്ട്രീയ ഭാവിയും, ഡിഎംകെയുടെ ഭാവിയും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ അൻവറിന്റെയും ഡിഎംകെയുടെയും രാഷ്ട്രീയ കരുനീക്കങ്ങൾ എന്താകുമെന്നതും കണ്ടുതന്നെ അറിയേണ്ടതുണ്ട്.


KERALA
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത