പ്രോ ടേം സ്പീക്കര്‍ നിയമനം പാർലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്; കൊടിക്കുന്നിലിനെ പിന്തുണച്ച് മുഖ്യമന്ത്രി

സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയത്തിന്റെ ഭാഗമാണ് നടപടിയെന്ന് സംശയിക്കുന്നവർക്ക്, ബിജെപിയുടെ മറുപടി എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു
പ്രോ ടേം സ്പീക്കര്‍ നിയമനം പാർലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്; കൊടിക്കുന്നിലിനെ പിന്തുണച്ച് മുഖ്യമന്ത്രി
Published on

ലോക്സഭ പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് ലോക്സഭ പ്രോ ടേം സ്പീക്കറെ നിയമിച്ചത്.സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയത്തിന്റെ ഭാഗമാണ് നടപടിയെന്ന് സംശയിക്കുന്നവർക്ക്, ബിജെപിയുടെ മറുപടി എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാർലമെന്ററി ജനാധിപത്യ മര്യാദകൾ അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന് പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പതിനെട്ടാം ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി ബിജെപി എംപി ഭർതൃഹരി മഹ്താബിനെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു.സാധാരണ പാർലമെൻ്റിലെ മുതിർന്ന അംഗത്തിനാണ് ഈ ചുമതല നല്‍കുന്നത്. നിലവിൽ എട്ടുതവണ എം.പിയായ കൊടിക്കുന്നില്‍ സുരേഷാണ് ലോക്സഭയിലെ മുതിർന്ന അംഗം.

രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നതിന് പിന്നാലെ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സഭയിലെ മുതിർന്ന ദളിത് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനാണെന്നും, മന്ത്രിയുടെ ഉദ്ദേശം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കേന്ദ്ര സർക്കാർ കീഴ്‌വഴക്കം ലംഘിച്ചതായും 2014ൽ പോലും കോൺഗ്രസിലെ മുതിർന്ന എംപി കമൽനാഥിനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നുവെന്നും കൊടിക്കുന്നിൽ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com