സഭാ ടിവിയ്ക്ക് ഉചിതമായ പേര് എൽഡിഎഫ് ടിവി: അനൂപ് ജേക്കബ്

സഭാ ടിവിയുടെ പ്രവർത്തനം ആ രീതിയിലാണെന്നും അനൂപ് ജേക്കബ് വിമർശിച്ചു
സഭാ ടിവിയ്ക്ക് ഉചിതമായ പേര് എൽഡിഎഫ് ടിവി: അനൂപ് ജേക്കബ്
Published on

നിയമസഭയിലെ നാടകീയസംഭവങ്ങൾക്ക് പിന്നാലെ സഭാ ടിവിയുടെ പേര് എൽഡിഎഫ് ടിവി എന്നാക്കുന്നതാണ് നല്ലതെന്ന് അനൂപ് ജേക്കബ് എംഎൽഎ. സഭാ ടിവിയുടെ പ്രവർത്തനം ആ രീതിയിലാണെന്നും അനൂപ് ജേക്കബ് വിമർശിച്ചു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ വണ്ടി കസ്റ്റഡിയിലെടുക്കണം എന്ന ആവശ്യത്തിൽ ഉൾപ്പെടെ ഒന്നും ചെയ്തിട്ടില്ല. പ്രധാനപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.

കൂത്താട്ടുകുളം നഗരസഭയില്‍ വനിത കൗണ്‍സില‍ർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം അവതരിപ്പിച്ചതിനെ തുടർന്ന് നിയമസഭയിൽ അസാധാരണ രീതിയിലുള്ള സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയതിനെയും മൈക്ക് മ്യൂട്ട് ചെയ്തതിനെയും തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങുന്ന സമയത്തൊക്കെ ഭരണപക്ഷം ബഹളം വെച്ചത് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനോട് താൻ മുതിർന്ന നേതാവല്ലെ, പക്വത കാണിക്കണമെന്ന് പറഞ്ഞു. തുടർന്ന് തന്നെ പക്വത പഠിപ്പിക്കേണ്ട എന്ന് വി.ഡി സതീശൻ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസയച്ച് അനൂപ് ജേക്കബ് എംഎൽഎയാണ് ആവശ്യപ്പെട്ടത്. കൗൺസിലറുടെ കാല് വെട്ടിയെടുക്കുമെന്ന് പറയുന്നതോ, സ്ത്രീകളെ തട്ടിക്കൊണ്ടു പോകലോ ആണോ സ്ത്രീ സുരക്ഷയെന്ന് അനൂപ് ജേക്കബ് നിയമസഭയിൽ ചോദിച്ചു. കൗൺസിലറെ തടഞ്ഞത് സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്, കൗൺസിലറെ തട്ടിക്കൊണ്ടുപോകാൻ വന്ന വാഹനത്തിൽ കയറ്റിവിട്ടത് പൊലീസുകാരനാണ് തുടങ്ങിയ ഗുരുതര വിമർശനങ്ങൾ അനൂപ് ജേക്കബ് ജേക്കബ് ഉന്നയിച്ചു.

എന്നാൽ, സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും കൗൺസിലറുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചർച്ച ചെയ്യേണ്ടതില്ല. ക്രമസമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ നടപടിയും സ്വീകരിച്ചു. നിലവിൽ സംഘർഷ സാധ്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com