സനാതന ധർമത്തിനു വേണ്ടി കൂട്ടായ്മ; ഡൽഹിയിൽ സനാതൻ സേവാ സമിതിയുമായി കെജ്‌രിവാൾ

ഡൽഹിയിൽ സനാതന ധർമത്തിനു വേണ്ടി കൂട്ടായ്മ തന്നെ ഉണ്ടാക്കി അതേ ഇന്ത്യാ സഖ്യത്തിലെ അരവിന്ദ് കെജ്‌രിവാൾ. ഈ തെരഞ്ഞെടുപ്പ് കാലത്ത് കെജ്‌രിവാൾ കൈക്കൊണ്ട ഹിന്ദുത്വ നിലപാടുകൾ വോട്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
സനാതന ധർമത്തിനു വേണ്ടി കൂട്ടായ്മ; ഡൽഹിയിൽ സനാതൻ സേവാ സമിതിയുമായി കെജ്‌രിവാൾ
Published on

കേരളത്തിൽ സനാതന ധർമത്തെ തള്ളിപ്പറഞ്ഞ് ഇൻഡ്യാ മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തകളിൽ നിറഞ്ഞപ്പോൾ, ഡൽഹിയിൽ സനാതന ധർമത്തിനു വേണ്ടി കൂട്ടായ്മ തന്നെ ഉണ്ടാക്കി അതേ ഇന്ത്യാ സഖ്യത്തിലെ അരവിന്ദ് കെജ്‌രിവാൾ. ഈ തെരഞ്ഞെടുപ്പ് കാലത്ത് കെജ്‌രിവാൾ കൈക്കൊണ്ട ഹിന്ദുത്വ നിലപാടുകൾ വോട്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.


ഹനുമാൻ ചാലീസ നീട്ടിച്ചൊല്ലി 2020. കറൻസി നോട്ടുകളിൽ ഹിന്ദുദൈവങ്ങൾ വേണമെന്ന പ്രചാരണത്തിന്‍റെ 2015. ഡൽഹിയിൽ രാമരാജ്യം സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച 2013. ഇപ്പോഴിതാ വർഷം 2025. സനാതൻ സേവാ സമിതിയുമായി അരവിന്ദ് കെജ്‌രിവാൾ ഇറങ്ങിക്കഴിഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്‍റെ രാഷ്ട്രീയ ചരിത്രമറിയുന്നവർക്ക് അത്ഭുതമോ അമ്പരപ്പോ ലവലേശം ഉണ്ടാകില്ല. എന്തുകൊണ്ടെന്നാൽ കെജ്‌രിവാൾ വിശ്വാസിയാണ്. ആ വിശ്വാസം തുറന്നു പറഞ്ഞുതന്നെ പൊതുമണ്ഡലത്തിൽ നിൽക്കുന്നയാളാണ്.


വൈ അയാം എ ഹിന്ദു എന്നു പുസ്തകമെഴുതിയ ഡോ. ശശി തരൂരിന്‍റെ ഹിന്ദുത്വയല്ല അരവിന്ദ് കെജ്‌രിവാളിന്‍റേത്. ഹിന്ദുവാണെന്ന് വോട്ടർമാർ അറിയണം എന്നു മാത്രമേ തെരഞ്ഞെടുപ്പ് കാലത്ത് അതു പറയുന്നതിലൂടെ ഡോ. തരൂർ ലക്ഷ്യമിടുന്നുള്ളൂ. എന്നാൽ ഹിന്ദുത്വയും സംരക്ഷനും യോദ്ധാവുമാണെന്ന് പൊതുജനം അറിയണം എന്ന നിലപാടുകാരനാണ് അരവിന്ദ് കെജ്‌രിവാൾ. കട്ടർ ഹനുമാൻ ഭക്ത് എന്നാണ് 2020ലെ തെരഞ്ഞെടുപ്പ് കാലത്ത് കേജ്രിവാൾ ഓരോ വേദിയിലും പ്രസംഗിച്ചത്.

കട്ടർ ഹനുമാൻ ഭക്ത് എന്നതിനെ കട്ട ഹനുമാൻ ഭക്തൻ എന്ന് മലയാളത്തിൽ പരിഭാഷപ്പെടുത്താം. വെറുതെ പറയുക മാത്രമല്ല പറ്റിയ ഇടങ്ങളിലെല്ലാം ഹനുമാൻ ചാലീസ കാണാതെ ചൊല്ലുകയും ചെയ്തു. അതു മനപാഠമായി ചൊല്ലാൻ ബിജെപി നേതാക്കളെ വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. കോൺഗ്രസിനെക്കുറിച്ച് ഇടതുപാർട്ടികൾ രണ്ട് ആരോപണമാണ് ഉന്നയിക്കാറുള്ളത്. ഒന്ന്, എപ്പോഴും മൃദു ഹിന്ദുത്വം പുറത്തെടുക്കുന്നു. രണ്ട്, ഹിന്ദുകാർഡ് തെരഞ്ഞെടുപ്പുകളിൽ വീശുന്നു. ആംആദ്മി പാർട്ടിയെക്കുറിച്ചു പറയുമ്പോൾ സോഫ്റ്റ് ഹിന്ദുത്വ ലൈൻ അല്ല, ഹാർഡ് ഹിന്ദുത്വ തന്നെയാണ് എപ്പോഴും മുന്നിൽ നിൽക്കുന്നത്.

കറൻസിയുടെ ഒരു വശത്ത് ഗാന്ധിജി. മറുവശത്ത് ലക്ഷ്മി ദേവിയും ഗണപതിയും. ഇതായിരുന്നു 2015ൽ റിസർവ് ബാങ്കിനോട് കെജ്‌രിവാൾ മുന്നോട്ടുവച്ച ആവശ്യം. തീവ്ര ഹിന്ദു നിലപാടുള്ളവർക്കു മാത്രം പറയാൻ കഴിയുന്നതാണ് ഇക്കാര്യം. മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ജൈനരും ബുദ്ധരുമെല്ലാം ഉള്ള ഇന്ത്യയിലെ മറ്റുള്ളവർക്കു വിഷമം ഉണ്ടാകില്ലേ എന്ന ചോദ്യത്തിനൊന്നും കേജ്രിവാൾ അവസരം നൽകാറില്ല. ഡൽഹിയിൽ 2013 മുതൽ അരവിന്ദ് കെജ്‌രിവാൾ ഭരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണം ഈ നിലപാടുകൂടിയാണ്. 1972ൽ തന്നെ ജനസംഘം 38 ശതമാനം വോട്ട് നേടിയ നഗരമാണ്. അവിടെ ജയിക്കാൻ ഇതുതന്നെ വഴി എന്നാണ് ആ തിരിച്ചറിവും പ്രഖ്യാപനവും.

ഇന്ത്യയുടെ മറ്റ് നഗരങ്ങൾ നോക്കുക. ബിജെപി അവിടൊക്കെ നിഷ്പ്രഭമായിരുന്ന കാലത്ത് തന്നെ, മദൻ ലാൽ ഖുറാനയേയും സാഹിബ് സിങ് വർമയേയും സുഷമ സ്വരേജിനേയും ഭരണം ഏൽപ്പിച്ച ചരിത്രമുണ്ട് ഡൽഹിക്ക്. അരവിന്ദ് കെജ്‌രിവാൾ മൂന്നു തെരഞ്ഞെടുപ്പും ജയിച്ചത് നരേന്ദ്രമോദിയെ എതിർത്താണ്. പക്ഷേ, അതെല്ലാം അതിതീവ്രമായി ഹിന്ദുത്വയെ കെട്ടിപ്പിടിച്ചു കൂടിയായിരുന്നു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com