അർജുനായുള്ള നാലാംഘട്ട തെരച്ചിൽ ഇന്ന് ആരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിൽ

ഇന്നലെ ഉച്ചയോടെ ഡ്രഡ്ജർ ടഗ് ബോട്ടിലൂടെ കാർവാറിലെത്തിച്ചു. പുഴയിൽ ഇന്ന് നേവിയുടെ പരിശോധന നടത്തും
അർജുനായുള്ള നാലാംഘട്ട തെരച്ചിൽ ഇന്ന് ആരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിൽ
Published on

ഷിരൂരിലുൽ നാലാംഘട്ട തെരച്ചിൽ ആരംഭിക്കുന്നു. മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനുള്ള ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും. ഇന്നലെ ഉച്ചയോടെ ഡ്രഡ്ജർ ടഗ് ബോട്ടിലൂടെ കാർവാറിലെത്തിച്ചു. പുഴയിൽ ഇന്ന് നേവിയുടെ പരിശോധന നടത്തും. ഇതിന് ശേഷമാകും ഡ്രഡ്ജറുമായി ബോട്ട് ഷിരൂരിലേക്ക് പുറപ്പെടുക.

ചൊവ്വാഴ്ച ഗോവയിൽ നിന്നും കടൽമാർഗം പുറപ്പെട്ട ഡ്രഡ്ജർ കയറ്റിയുള്ള ടഗ് ബോട്ട് പ്രതികൂല കാലാവസ്ഥ കാരണം പലതവണ നിർത്തിയിടേണ്ടി വന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് കാർവാറിലെത്തിയത്. ഉടൻ നേവിയിൽ നിന്ന് എൻഒസി കൈപ്പറ്റി ഷിരൂരിലേക്ക് തിരിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാൽ പുഴയിൽ നേവി ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം മാത്രമേ കടത്തി വിടാനാകൂ എന്ന നിലപാടെടുത്തതോടെ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നേവി ഉദ്യോഗസ്ഥർ ഗംഗാവലി പുഴയിൽ പരിശോധന നടത്തിയ ശേഷമാകും അനുമതി നൽകുക. പുഴയിൽ ഉയരം കുറഞ്ഞ രണ്ട് പാലങ്ങൾ കടന്ന് വേണം ഡ്രഡ്ജർ ഷിരൂരിലെത്തിക്കാൻ. വേലിയിറക്ക സമയത്ത് മാത്രമേ ഇത് സാധ്യമാകൂ. അതിനാലാണ് നേവി പരിശോധന നടത്തുന്നത്. എട്ട് മണിക്കൂർ യാത്രയുള്ളതിനാൽ വൈകിട്ടോടെ മാത്രമാകും ഡ്രഡ്ജർ ഷിരൂരിലെത്തുക. തുടർന്ന് ഇൻസ്റ്റലേഷൻ നടത്തി നാളെ തെരച്ചിൽ പുനരാരംഭിക്കാനാണ് കമ്പനിയുടെ നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com