
ഷിരൂർ മണ്ണിടിച്ചിലിൽ നദിയിലകപ്പെട്ട അർജുന്‍റെ ലോറി കണ്ടെത്തി. ലോറിക്കുള്ളിൽ നിന്നും അർജുൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം പുറത്തെടുത്തു. സിപി 2 വില്‍ നിന്നാണ് കണ്ടെത്തിയത്. ലോറി അർജുന്‍റെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ലോറി നദിയിലകപ്പെട്ട് എഴുപത്തൊന്നാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോറിയുടെ ക്യാബിൻ പൂർണമായും തകർന്ന നിലയിലാണ് കണ്ടെത്തിയത്. പന്ത്രണ്ട് അടി താഴ്ചയിൽ നിന്നാണ് ലോറി ഉയർത്തിയത്തിയെടുത്തത്.
CP4 മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചിൽ നടന്നത്. നേവി മാർക്ക് ചെയ്ത ഈ ഭാഗത്ത് പുഴയിൽ മണൽതിട്ടകൾ രൂപപ്പെട്ടതിനാൽ ഡ്രഡ്ജറിന് ഈ ഭാഗത്തേക്ക് എത്താനായിരുന്നില്ല. നേരത്തെ ഈശ്വർ മാൽപെ ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ലോഹഭാഗങ്ങളും കയറുൾപ്പെടെയുള്ളവയും കണ്ടെത്തിയത്. ജി പി എസ് സിഗ്നലിൽ ഏറ്റവും കൂടുതൽ ലോഹ സാന്നിധ്യം കണ്ടെത്തിയതും ഈ ഭാഗത്തായിരുന്നു. അതിനാൽ ആഴത്തിൽ മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടന്നത്.
കർണാടകയിലെ ഷിരൂരിൽ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പൊലീസുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെങ്കിലും ലോറി കണ്ടെത്താനായിരുന്നില്ല. മഴ ശക്തമായത് മൂലം ഇടയ്ക്ക് വെച്ച് തെരച്ചിൽ നിർത്തി വെക്കേണ്ടതായും വന്നു. പിന്നീട് തെരച്ചിൽ പുനരാരംഭിക്കുകയും തെരച്ചിലിൽ ലോറിയുടെ എഞ്ചിൻ കണ്ടെത്തുകയും ചെയ്തിരുന്നു.