
ടൊവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശന്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ വണ്‍ തമിഴ് എംവി എന്ന വെബ്സൈറ്റിലൂടെയാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചത്. സംഘത്തിലെ മൂന്നാമനെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടാ വിമലാദിത്യ പറഞ്ഞു.
വളരെ ആസൂത്രിതമായ രീതിയിലാണ് സംഘം തീയേറ്ററുകളില്‍ നിന്ന് വ്യാജ പതിപ്പുകള്‍ ചിത്രീകരിച്ചത്. കേരളത്തിലെ തീയേറ്ററില്‍ നിന്നല്ല എആര്‍എം പകര്‍ത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ എസ്ആര്‍കെ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മിറാജ് സിനിമാസില്‍ നിന്ന് സെപ്റ്റംബര്‍ 12ന് 2.45ന് നടന്ന ഷോയില്‍ നിന്നാണ് പ്രതികള്‍ സിനിമ പകര്‍ത്തിയതെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ : ARM വ്യാജ പതിപ്പ് ചിത്രീകരിച്ചത് കേരളത്തിലെ തിയേറ്ററിലല്ല: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
ഐ ഫോണ്‍ 14 ഉപയോഗിച്ചാണ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മാളുകളിലുള്ള മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളലെ റിക്ലെയിനര്‍ സീറ്റുകളാണ് ഇവര്‍ ഇതിനായി തെരഞ്ഞെടുത്തിരുന്നത്. സീറ്റുകളില്‍ ലഭിക്കുന്ന പുതുപ്പിനുള്ളില്‍ ക്യാമറയും മൈക്കും സെറ്റ് ചെയ്ത് വിദഗ്ദമായാണ് വീഡിയോ പകര്‍ത്തുക. അഞ്ച് പേരടങ്ങുന്ന സംഘമായെത്തി മധ്യനിരയിലെ സീറ്റുകള്‍ നോക്കി ബുക്ക് ചെയ്യുന്നതാണ് രീതി. ഇത്തരത്തില്‍ ഒരു സിനിമ ചിത്രീകരിക്കുന്നത് ഒരു ലക്ഷം രൂപ വരെ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 32 ഓളം സിനിമകള്‍ സംഘം പകര്‍ത്തിയിട്ടുണ്ട്. രജനികാന്ത് ചിത്രം വേട്ടയ്യന്‍റെ വ്യാജ പതിപ്പ് പകര്‍ത്തുന്നതിന് വേണ്ടിയാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. സിനിമ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ റൂമില്‍ വിശ്രമിക്കുന്നതിന് ഇടയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.