
വെനസ്വേലയിലെ പ്രതിപക്ഷത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി എഡ്‌മുണ്ടോ ഗോണ്‍സാലസ് രാജ്യംവിട്ടു. എഡ്‌മുണ്ടോ സ്പെയ്‌നില്‍ അഭയം പ്രാപിച്ചുവെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. എഡ്മുണ്ടോയുടെ അറസ്റ്റിന് സർക്കാർ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു രാജ്യം വിടല്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് എഡ്മുണ്ടോ ആരോപിച്ചിരുന്നു.
എഡ്‌മുണ്ടോയുടെ അഭ്യർത്ഥന പ്രകാരം സ്പാനിഷ് വ്യോമ സേനയുടെ വിമാനത്തിലാണ് സ്പെയ്‌നിലേക്ക് എത്തിച്ചത്. എല്ലാ വെനസ്വേലക്കാരുടെയും രാഷ്ട്രീയ അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കാന്‍ സ്പെയ്‌ന്‍ ബാധ്യസ്ഥരാണെന്നും ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രി പറഞ്ഞു. ദിവസങ്ങൾക്കു മുന്‍പ് തന്നെ കാരക്കാസിലെ സ്പാനിഷ് എംബസിയിൽ എഡ്‌മുണ്ടോ സ്വമേധയാ അഭയം തേടിയിരുന്നതായി വെനസ്വേലൻ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. എഡ്‌മുണ്ടോ രാജ്യം വിട്ട് സ്‌പെയ്‌നില്‍ അഭയം തേടിയതായി സ്ഥാനാർഥിയുടെ അഭിഭാഷകനും സ്ഥിരീകരിച്ചു.
ALSO READ: "ഇന്ത്യ അടിച്ചേല്‍പ്പിച്ച ദേശീയ ഗാനം വേണ്ട"; ബംഗ്ലാദേശില്‍ ആവശ്യം ശക്തം; തല്‍ക്കാലം വിവാദങ്ങള്‍ക്കില്ലെന്ന് ഇടക്കാല സർക്കാർ
വെനസ്വേലയില്‍ ജൂലൈയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൃത്യമായി ഒരു വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല. വെനസ്വേലയിലെ പ്രതിപക്ഷവും നിരവധി വിദേശ സർക്കാരുകളും എഡ്‌മുണ്ടോയെ ആണ് വിജയിയായി കണക്കാക്കുന്നത്. പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വന്നതിനു പിന്നാലെയാണ് സ്ഥാനാർഥിയായി എഡ്മുണ്ടോ മത്സര രംഗത്തുവരുന്നത്. 75 വയസ്സുള്ള എഡ്‌മുണ്ടോ ഗോണ്‍സാല്‍വസ് മുന്‍ നയതന്ത്രജ്ഞനാണ്. വെനസ്വേലയിലെ ജനങ്ങള്‍ക്കിടയില്‍ പരിചിതനല്ലാതിരുന്ന എഡ്മുണ്ടോ വളരെ പെട്ടെന്ന് തന്നെ പ്രചരണത്തിലും വിജയ പ്രതീക്ഷയിലും മുന്നിലെത്തി. സാമ്പത്തിക അസ്ഥിരതകള്‍ക്കിടയില്‍ ജനങ്ങള്‍ എഡ്‌മുണ്ടോയില്‍ ഒരു പരിഷ്കരണവാദിയെയാണ് കണ്ടത്. പ്രസിഡന്‍റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ എഡമുണ്ടോയ്ക്ക് വിജയസാധ്യത കല്‍പിച്ചിരുന്നു.
എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മഡുറോയെയാണ് വിജയി ആയി പ്രഖ്യാപിച്ചത്. തുടർന്ന്, വിവധ രാജ്യങ്ങള്‍ വോട്ടിങ്ങിന്‍റെ വിശദാംശങ്ങള്‍ പറത്തുവിടാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ പലരും മഡുറോയുടെ വിജയത്തെ അംഗീകരിച്ചില്ല. മൂന്നില്‍ രണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ നിന്നും പ്രതിപക്ഷ വോളന്‍റിയർമാർ ശേഖരിച്ച ടാലി ഷീറ്റ് പ്രകാരം എഡ്‍മുണ്ടോ ആണ് വിജയി. ഇതോടെ രാജ്യത്ത് കലാപം ആരംഭിച്ചു. ആക്രമണങ്ങളില്‍ 27 പേർ കൊല്ലപ്പെടുകയും 192 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2,400 പേരെയാണ് സർക്കാർ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷമാണ് എഡ്‌മുണ്ടോ ഗോണ്‍സാല്‍വസിനെതിരെ സർക്കാർ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് വിജയിയായി നിരന്തരം സ്വയം വിശേഷിപ്പിച്ചതിനായിരുന്നു വാറന്‍റ്.
വെനസ്വേലയില്‍ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എഡ്‌മുണ്ടോയുടെ രാജ്യംവിടല്‍. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങള്‍ ഉയർന്നതിന് പിന്നാലെ അർജന്‍റീനയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെനസ്വേല സർക്കാർ അവസാനിപ്പിച്ചു. ഇതിനെ തുടർന്ന് വെനസ്വേലയിലെ അർജന്‍റീന പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബ്രസീലിന്‍റെ അവകാശങ്ങളും സർക്കാർ റദ്ദാക്കി. ഇരു രാജ്യങ്ങളും മഡുറോയോട് നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനെ ബഹുമാനിക്കാന്‍ ആവശ്യപ്പെട്ടു.