മരണം വരെ കോമയിലായ അരുണ ഷാന്‍ബാഗും, 4 പേരാല്‍ പീഡിപ്പിക്കപ്പെട്ട സൊഹൈലയും; കൊല്‍ക്കത്തയിലെ പ്രതിഷേധം ഓര്‍മപ്പെടുത്തുന്നത്

25 കാരിയായ അരുണ 66-ാം വയസില്‍ മരണപ്പെടും വരെ കോമ സ്റ്റേജില്‍ കിടന്നു. പ്രതി വെറും ഏഴ് വര്‍ഷം ശിക്ഷയനുഭവിച്ച് സമൂഹത്തില്‍ തിരിച്ചെത്തി
മരണം വരെ കോമയിലായ അരുണ ഷാന്‍ബാഗും, 4 പേരാല്‍ പീഡിപ്പിക്കപ്പെട്ട സൊഹൈലയും; കൊല്‍ക്കത്തയിലെ പ്രതിഷേധം ഓര്‍മപ്പെടുത്തുന്നത്
Published on




കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി തേടി മെഴുകുതിരി ദീപങ്ങള്‍ ഇപ്പോഴും ജ്വലിക്കുന്നുണ്ട് രാജ്യത്ത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൊഹൈല അബ്ദുള്‍ അലി എന്ന 17 കാരിക്ക് നിയമവ്യവസ്ഥ നിഷേധിച്ച, 42 വര്‍ഷക്കാലം അരുണ ഷാന്‍ബാഗിനെ ഓര്‍മയില്ലാതെ തളര്‍ത്തിക്കിടത്തിയ, ആ നീതി തേടിയാണ് തെരുവുകളില്‍ ഇന്ന് പ്രതിഷേധം തുടരുന്നത്.

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ ബലാത്സംഗ കുറ്റകൃത്യങ്ങളെ നേരിടാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതിലൊന്നാണ് സ്ത്രീകളുടെ രാത്രികാല ജോലിസമയം വെട്ടിച്ചുരുക്കുക എന്നത്. അതായത്, ബലാത്സംഗം ഇല്ലാതാക്കാന്‍ സ്ത്രീകള്‍ രാത്രി വീട്ടിലിരുന്നാല്‍ മതി.

1980 കളില്‍ കൂട്ടബലാത്സംഗത്തിനിരയാവുകയും അതിജീവിക്കുകയും ചെയ്ത സൊഹൈല അബ്ദുള്‍ അലി തന്റെ പുസ്തകത്തില്‍ വിമര്‍ശനത്തോടെ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. അപരിചിതരില്‍ നിന്നുള്ള ആക്രമണം ഒഴിവാക്കാന്‍ വീട്ടിലിരിക്കണം. വീട്ടില്‍ നിന്നുള്ളത് ഒഴിവാക്കാന്‍ പുറത്ത് കടക്കണം. തന്റേടിയായിരിക്കണം. പക്ഷേ, പ്രകോപിപ്പിക്കരുത്. ശബ്ദമുയര്‍ത്തണം, പക്ഷേ, സൗമ്യയായി പെരുമാറണം. പുഞ്ചിരിക്കണം, എന്നാല്‍ പുഞ്ചിരിക്കരുത്. ബലാത്സംഗം ചെറുക്കാന്‍ ഇരകള്‍ ഇത്തരം മുന്‍ കരുതലുകളെടുക്കണമെന്നാണ് സമൂഹം പഠിപ്പിക്കുന്നത് എന്ന്. 17ാം വയസിലാണ്, സൊഹൈല അബ്ദുള്‍ അലി നാല് പേരാല്‍ ബലാത്സംഗത്തിന് ഇരയാകുന്നത്.

ആയുധധാരികളായ സംഘം 10 തവണയാണ് സൊഹൈലയെ ലൈംഗികമായി ആക്രമിച്ചത്. ഒരാണ്‍കുട്ടിയുമായി ഒന്നിച്ച് കണ്ടതിന്റെ പേരില്‍ അധിക്ഷേപിച്ച് സദാചാരം പറഞ്ഞ് ആക്രമണം. കാല്‍നൂറ്റാണ്ട് മുന്‍പ്, ഇരയാണെന്ന് വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുകയും പരാതിപ്പെടുകയും ചെയ്തു സൊഹൈല. പരാതിയില്‍ കേസെടുക്കുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. പക്ഷേ, 20-ാം വയസില്‍ സൊഹൈല ആക്രമണം വെളിപ്പെടുത്തി പുസ്തകമെഴുതി. വിദേശ സര്‍വകലാശാലയില്‍ പഠിച്ചു, അറിയപ്പെടുന്ന എഴുത്തുകാരിയായി. ബലാത്സംഗ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രബന്ധമെഴുതി. വിവാഹിതയായി. ഇപ്പോള്‍ 61 വയസ്.

ബലാത്സംഗത്തിനിരയാകുന്നതുവരെ ജീവിക്കുന്ന ജഡങ്ങളായി കണ്ടിരുന്ന കാലത്താണ് സൊഹൈല ഈ അതിജീവനം നടത്തിയത്. എന്നാല്‍, അതും നിഷേധിക്കപ്പെട്ടവരുണ്ട്. കൊല്‍ക്കത്തയിലെ ഡോക്ടറെപ്പോലെ തൊഴിലിനിടെ ആക്രമിക്കപ്പെട്ട് മൃതപ്രാണയായി 42 വര്‍ഷം ജീവിച്ചു മരിച്ച അരുണ ഷാന്‍ബാഗ്. 1973-ല്‍ ജൂനിയര്‍ നഴ്സായ അരുണ ഷാന്‍ബാഗിനെ ആക്രമിച്ചത് ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ സോഹന്‍ലാല്‍ ഭര്‍ത്ത. ആശുപത്രിക്ക് അകത്തുവെച്ച് നടന്ന ബലാത്സംഗത്തിനിടെ അരുണയുടെ കഴുത്തില്‍ അക്രമി ചങ്ങല മുറുക്കി, നട്ടെല്ലിന് ഗുരുതര പരുക്കേല്‍പ്പിച്ചു. അടുത്ത ദിവസം അബോധാവസ്ഥയിലായി.

25 കാരിയായ അരുണ 66-ാം വയസില്‍ മരണപ്പെടുംവരെ കോമ സ്റ്റേജില്‍ കിടന്നു. പ്രതി വെറും 7 വര്‍ഷം ശിക്ഷയനുഭവിച്ച് സമൂഹത്തില്‍ തിരിച്ചെത്തി. നാട്ടുകാര്‍ ആദരവോടെ കാണുന്ന, കുടുംബക്കാര്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന പ്രതി, അരുണയുടെ മരണശേഷം പറഞ്ഞത്, തന്നെ അപമാനിച്ചതിന്റെ പേരില്‍ ഒന്നടിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ്. യഥാര്‍ഥത്തില്‍ എന്താണ് നടന്നതെന്ന് പറയാന്‍ അരുണക്ക് അവസരം ലഭിച്ചില്ല, ജീവന്‍ നിലച്ച പോലെ ജീവിക്കേണ്ടിവന്നു.

കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍ക്കും അത് വിളിച്ചു പറയാന്‍ ജീവന്‍ ബാക്കിയുണ്ടായില്ല. 2012 ലെ നിര്‍ഭയ കേസ് അടക്കം നീതിക്കുവേണ്ടിയുള്ള ഓരോ മുറവിളികള്‍ക്കൊപ്പവും ഇന്ത്യന്‍ സമൂഹം നിയമവ്യവസ്ഥയും ലൈംഗിക കുറ്റകൃത്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ കൂടി അടയാളപ്പെടുത്തലാണ് പുതിയ രക്തസാക്ഷിത്വം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com