തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി; സ്ഥാനാർഥികളുടെ അടിയന്തര യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ആംആദ്മി സ്ഥാനാർഥികൾക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് പിന്നാലെയാണ് കെജ്‌രിവാൾ യോഗം വിളിച്ചത്
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി; സ്ഥാനാർഥികളുടെ അടിയന്തര യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാൾ
Published on


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ശേഷിക്കെ ആംആദ്മി സ്ഥാനാർഥികളുടെ അടിയന്തര യോഗം വിളിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ആംആദ്മി സ്ഥാനാർഥികൾക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് പിന്നാലെയാണ് കെജ്‌രിവാൾ യോഗം വിളിച്ചത്. ഡൽഹിയിൽ 16 എഎപി സ്ഥാനാർത്ഥികളെ സ്വാധീനിക്കാൻ ബിജെപി നേരിട്ട് ശ്രമിച്ചെന്നാണ് കെജ്‌രിവാൾ ഉയർത്തിയ ആരോപണം.


ഡൽഹിയിൽ ആര് ഭരണം പിടിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ പ്രചാരണത്തിലുടനീളം നടത്തിയ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുകയാണ് എഎപിയും ബിജെപിയും. എഎപി സ്ഥാനാർഥികളെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോപണത്തിനിടെ കെ‌ജ്‌രിവാൾ വിളിച്ച യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഓരോ എഎപി സ്ഥാനാർഥികൾക്കും കൂറുമാറാനായി ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതെന്നാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോപണം. പാർട്ടി നേതാക്കളെ പ്രലോഭിപ്പിച്ച് കൂറുമാറ്റം നടത്താൻ ബിജെപി മോഹനവാഗ്ദാനം നല്‍കുന്നുവെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.

എക്സ് പോസ്റ്റിലൂടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോപണം. പോളിങ്ങിന് പിന്നാലെ 16 എഎപി സ്ഥാനാർഥികൾക്ക് ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചു. ഓരോരുത്തർക്കും 15 കോടി രൂപയും മന്ത്രിസ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ എക്സില്‍ കുറിച്ചു. ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങും സമാനമായ ആരോപണം കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു.

70 അംഗ നിയമസഭയില്‍ ബിജെപി 55 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെയും എഎപി വിമർശിച്ചു. എഎപി സ്ഥാനാർത്ഥികളിലടക്കം അങ്കലാപ്പുണ്ടാക്കാനാണ് ഇത്തരം വ്യാജ സർവേകൾ എന്നും ഇത് കണ്ട് ഭയക്കില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.


എന്നാൽ, പരാജയം മുന്നിൽ കണ്ട ആംആദ്മി പാർട്ടിയുടെ നിരാശയാണ് ആരോപണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.ഇത്തരം പ്രസ്താവന ആവർത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും ബിജെപി ഉയർത്തി.കെജ്‌രിവാൾ മാനനഷ്ടക്കേസ് നേരിടുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും സച്ച്ദേവ പ്രതികരിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com