"അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു"; മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കെജ്‌രിവാൾ

രാജിക്ക് ശേഷമുള്ള ആദ്യ പൊതുവേദിയിലാണ് കെജ്‌രിവാളിൻ്റെ പ്രസ്താവന
"അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു"; മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കെജ്‌രിവാൾ
Published on


മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത് പിന്നാലെയുള്ള ആദ്യ പൊതുവേദിയിൽ പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുയർത്തി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ. താൻ അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നാണ് കെജ്‍രിവാളിൻ്റെ ആരോപണം. ഞായറാഴ്ച ഡെൽഹിയിലെ ജന്തർ മന്തറിൽ നടന്ന ജനതാ കി അദാലത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

താനും മനീഷ് സിസോദിയയും അഴിമതിക്കാരനാണെന്ന് തെളിയിക്കാൻ മോദി ഗൂഢാലോചന നടത്തി. ഇരുവരുടെയും രാഷ്ട്രീയ പ്രതിച്ഛായ കളങ്കപ്പെടുത്താനും പ്രധാനമന്ത്രി ശ്രമിച്ചെന്നും കെജ്‌രിവാൾ ആരോപിച്ചു. കഴിഞ്ഞ 10 വർഷം മുഖ്യമന്ത്രിയായിരുന്നിട്ടും ഡൽഹിയിൽ സ്വന്തമായൊരു വീടില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഴിയുമെന്നും കെജ്‍രിവാൾ പറഞ്ഞു.

"ഒരിക്കൽ അഴിമതിക്കാരെന്ന് പേര് കേട്ട നേതാക്കളായ പ്രധാനമന്ത്രി മോദിയും അമിത് ഷായും പിന്നീട് ബിജെപിയിൽ ചേർന്നു. ഇങ്ങനെയൊരു ബിജെപിയെ നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ബിജെപി അതിൻ്റെ വഴിയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് പരിശോധിക്കേണ്ടത് ആർഎസ്എസിൻ്റെ ഉത്തരവാദിത്തമാണ്. മോഹൻ ഭഗവത് എപ്പോഴെങ്കിലും മോദിയോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടോ? ബിജെപിക്ക് ആർഎസ്എസിൻ്റെ പിന്തുണ ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞിരുന്നു. ആർഎസ്എസിനെ പോലെ അമ്മയുടെ സ്ഥാനത്തുള്ള ആർഎസ്എസിനെ കണ്ണുരുട്ടി കാണിക്കാൻ മാത്രം വലുതാണോ ബിജെപി. ആർഎസ്എസ് മേധാവിക്കും ആർഎസ്എസ് പ്രവർത്തകർക്കും ആ പ്രവർത്തികളിൽ വേദനിച്ചില്ലേ?,” കെജ്‌രിവാൾ ചോദിച്ചു.

ഒപ്പം തൻ്റെ അപ്രതീക്ഷിത രാജിയെ കുറിച്ചും കെജ്‌രിവാൾ സംസാരിച്ചു.  സിബിഐയും ഇഡിയും ഉന്നയിച്ച അഴിമതിയാരോപണങ്ങളിൽ വേദനിച്ചാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്തി സ്ഥാനത്തിരുന്ന അത്രയും നാൾ ലഭിച്ചത് പണമല്ല, ബഹുമാനം മാത്രമാണ്. അഴിമതിയിൽ ഏർപ്പെടാനോ മുഖ്യമന്ത്രിക്കസേര മോഹിച്ചോ അല്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അതുകൊണ്ട് തന്നെയാണ് ഒരു മടിയും കൂടാതെ രാജിക്ക് തയ്യാറായതെന്നും കെജ്‍രിവാൾ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com