മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരപന്തലിൽ എത്തും
വനിതാ ദിനത്തില്‍ സമരം ശക്തമാക്കാൻ ആശാവർക്കേഴ്സ് അസോസിയേഷൻ. സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് ആശാ വർക്കർമാരുടെ മഹാസംഗമം നടക്കും. മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരപന്തലിൽ എത്തും. സമരത്തിലേക്ക് നയിച്ചത് ആരോഗ്യ മന്ത്രിയുടെ വീഴ്ചയെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമർശനമുയർന്നിരുന്നു. സമരം ആരംഭിച്ച് ഇന്നേക്ക് 27 ദിവസം പൂർത്തിയാവുകയാണ്.
ആശാ വർക്കർമാരുടെ മഹാസംഗമത്തിന് പിന്തുണയറിയിച്ച് എഴുത്തുകാരി അരുന്ധതി റോയി, നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, റിമാ കല്ലിങ്കൽ, എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു. "ഇന്ന്, ലോകമെമ്പാടുമുള്ള സർക്കാരുകൾ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുമ്പോൾ - എന്റെ കേരളത്തിലെ ജനങ്ങളും സർക്കാരും ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ആശമാരോടൊപ്പമുണ്ട്. നാം വ്യത്യസ്തരാണെന്ന് നമുക്ക് ലോകത്തിന് കാട്ടിക്കൊടുക്കാം; ഏറ്റവും ദുർബലരായ തൊഴിലാളികളേയും ഏറ്റവും അവസാനത്തെ സ്ത്രീയെ വരെയും നമ്മൾ കേൾക്കുമെന്ന്, കരുതലോടെ ചേർത്തുനിർത്തുമെന്ന്. "- ഇതായിരുന്നു പിന്തുണയറിയിച്ചുകൊണ്ടുള്ള അരുന്ധതി റോയിയുടെ കുറിപ്പ്.
അതേസമയം പിഎസ്‌സി അംഗങ്ങള്‍ക്ക് സ്വര്‍ണ്ണക്കരണ്ടിയില്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനം. സമരം തെളിഞ്ഞ വെള്ളത്തില്‍ നഞ്ച് കലക്കിയത് പോലെ സര്‍ക്കാരിനെ ബാധിക്കുന്നുണ്ടെന്ന് ഓര്‍ക്കണം എന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആശാവർക്കർമാരുടെ സമരത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വീഴ്ച പറ്റിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും, സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ചർച്ചയിൽ പ്രതിനിധികൾ വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ഇന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മറുപടി പറയും.
ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.