മൂന്നാംഘട്ട ചര്‍ച്ചയും പരാജയമായതോടെ സമരം ശക്തമാക്കാന്‍ ആശമാര്‍; 'തുടര്‍ ചര്‍ച്ചയ്ക്ക് മന്ത്രി തന്നെ വിളിക്കണം'

മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയെന്നോണം മറ്റു തൊഴിലാളി സംഘടനകളുടെ ആവശ്യമായ കമ്മീഷന്‍ രൂപീകരണം സര്‍ക്കാര്‍ അംഗീകരിച്ചു. പക്ഷേ, ഓണറേറിയം വര്‍ധനയടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന് ചര്‍ച്ച തിരിച്ചടിയായി.
മൂന്നാംഘട്ട ചര്‍ച്ചയും പരാജയമായതോടെ സമരം ശക്തമാക്കാന്‍ ആശമാര്‍; 'തുടര്‍ ചര്‍ച്ചയ്ക്ക് മന്ത്രി തന്നെ വിളിക്കണം'
Published on


മൂന്നാംഘട്ട മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കൂടിയാലോചനകള്‍ക്ക് ശേഷം പുതിയ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. അതേസമയം കമ്മീഷന്‍ എന്ന സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണ്ണമായി തള്ളിയ സമരസമിതി സംയുക്ത ചര്‍ച്ചയ്ക്കില്ല എന്ന തീരുമാനത്തിലാണ്.

സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ രാപ്പകല്‍ സമരം 54 ആം ദിവസത്തിലേക്കും നിരാഹാരം 16 ആം ദിവസത്തിലേക്കും കടക്കുമ്പോഴും നിരാശയാണ് ഫലം.

ഇതോടെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണാ ജോര്‍ജ് വിളിച്ച ചര്‍ച്ചയില്‍ ആശമാര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നും യോഗം അംഗീകരിച്ചില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ തങ്ങളെ ഒറ്റയ്ക്ക് ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന നിലപാടിലാണ് സമരസമിതി.

മുഴുവന്‍ ആശമാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് സമരസമിതി നേതാക്കളുടെ വാദം. സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധം വിജയിക്കരുതെന്ന പിടിവാശിയാണ് സര്‍ക്കാരിനെന്നും സമരക്കാര്‍ ആരോപിച്ചു.

തുടര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും മന്ത്രി വിളിക്കണമെന്ന നിലപാടിലും മാറ്റമില്ല. അതേസമയം സമരം അനിശ്ചിതമായി നീണ്ട് പോകുന്നതില്‍ സമരപ്പന്തലിനുള്ളിലും അതൃപ്തി പുകയുന്നുണ്ട്. ആത്മഹത്യ ഭീഷണി മുഴക്കി ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന മാര്‍ഗമാണ് അടുത്ത ഘട്ടം എന്ന നിലയില്‍ ഉയരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com