ബെംഗളൂരു നഗരത്തിൽ വ്ളോഗറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശി മായാ ഗൊഗോയിയെ (25) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കൊലപാതകത്തിന് പിന്നിൽ മലയാളി യുവാവാണെന്നാണ് ബെംഗളൂരു പൊലീസിൻ്റെ നിഗമനം. സംഭവത്തിന് പിന്നാലെ കണ്ണൂർ സ്വദേശിയായ ആരവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് മായയും ആരവും ബെംഗുളൂരു ഇന്ദിരാ നഗറിലെ സർവീസ് അപ്പാർട്ട്‌മെൻ്റിൽ ചെക്ക് ഇൻ ചെയ്തത്. ഇരുവരും അപ്പാര്‍ട്ട്‌മെന്റിലേക്ക് ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പൊലീസ് റിപ്പോർട്ടനുസരിച്ച് ഞായറാഴ്ചയാണ് ആരവ് മായയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച കൊലപാതകം ചെയ്ത ശേഷം, ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപാർട്മെൻ്റിലുണ്ടായിരുന്നു. ഒരു ദിവസം മുഴുവൻ പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞതായും പൊലീസ് പറയുന്നു.
ആരവും മായയും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ആരവ് കഴിഞ്ഞ കുറച്ച് നാളുകളായി ബെംഗുളൂരുവിൽ കഴിഞ്ഞുവരികയാണ്. പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് പറയുന്നു. അതേസമയം കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു.